അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി ഭർത്താവ്; മൃതദേഹത്തിനരികിൽ നിന്ന് സെൽഫിയെടുത്ത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ്
കോയമ്പത്തൂർ: അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനരികിൽ നിന്ന് സെൽഫിയെടുത്ത പ്രതി, "വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം" (The payment for betrayal is death) എന്ന കുറിപ്പോടെ ചിത്രം വാട്ട്‌സ്ആപ്പ് സ്റ്റാറ്റസാക്കിയത് സംസ്ഥാനത്ത് വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടാക്കിയിരിക്കുകയാണ്.
തിരുനെൽവേലി സ്വദേശിനിയായ ശ്രീപ്രിയ (28) ആണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശ്രീപ്രിയ, ഭർത്താവ് എസ്. ബാലമുരുകനുമായി (32) അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് നാല് മാസം മുൻപ് പിരിഞ്ഞ് താമസിക്കുകയായിരുന്നു. കോയമ്പത്തൂരിലെ രാജു നായിഡു ലേഔട്ടിലെ വനിതാ ഹോസ്റ്റലിലായിരുന്നു ശ്രീപ്രിയ താമസിച്ചിരുന്നത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
ഒളിപ്പിച്ച അരിവാളുമായി എത്തി
ശ്രീപ്രിയക്ക് ബാലമുരുകന്റെ ഒരു ബന്ധുവുമായി അടുപ്പമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഞായറാഴ്ച രാവിലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച ഒരു അരിവാളുമായി ബാലമുരുകൻ ഹോസ്റ്റലിൽ എത്തുകയും ശ്രീപ്രിയയെ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സംസാരത്തിനിടയിൽ ശ്രീപ്രിയയെ തിരുനെൽവേലിയിലേക്ക് തിരികെ വരാൻ ബാലമുരുകൻ നിർബന്ധിച്ചെങ്കിലും അവർ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഹോസ്റ്റലിന്റെ വരാന്തയിൽ വെച്ച് ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. തർക്കത്തിനിടെ ബാലമുരുകൻ അരിവാൾ പുറത്തെടുത്ത് ശ്രീപ്രിയയെ നിരവധി തവണ വെട്ടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ച് തന്നെ ശ്രീപ്രിയ മരണപ്പെട്ടു.
രക്തത്തിൽ കുളിച്ച മൃതദേഹത്തിനരികിൽ നിന്ന് സെൽഫി
ഈ കൊടുംക്രൂരതയ്ക്ക് ശേഷവും ബാലമുരുകൻ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചില്ല. മറിച്ച്, രക്തത്തിൽ കുളിച്ചുകിടന്ന ഭാര്യയുടെ മൃതദേഹത്തിനരികിലെ കസേരയിലിരുന്ന് ഇയാൾ സെൽഫി എടുക്കുകയും അത് വാട്ട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയുമായിരുന്നു.
ആക്രമണം കണ്ട ഹോസ്റ്റലിലെ താമസക്കാർ ഭയന്ന് പുറത്തേക്ക് ഓടി. വിവരമറിഞ്ഞ് രത്നപുരി പൊലിസ് ഉടൻ സംഭവസ്ഥലത്തെത്തി ബാലമുരുകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധവും പൊലിസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്ത്രീസുരക്ഷാ ചർച്ചകൾ വീണ്ടും സജീവമായി
ഈ സംഭവം തമിഴ്‌നാട്ടിൽ സ്ത്രീസുരക്ഷ സംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, ക്രമസമാധാനനില നിലനിർത്തുന്നതിൽ ഭരണകക്ഷിയായ ഡിഎംകെ സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. അടുത്തിടെ കോയമ്പത്തൂരിൽ നടന്ന കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.എങ്കിലും, തമിഴ്‌നാട് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനങ്ങളിൽ ഒന്നാണെന്നും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ ചാർജ് ഷീറ്റ് സമർപ്പിക്കുന്നത് വേഗത്തിലാക്കിയിട്ടുണ്ടെന്നും സർക്കാർ വാദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."