യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ നശിപ്പിച്ച് 'അജ്ഞാതൻ'; തിരൂരങ്ങാടിയിലെ 'പ്രതി'യെ പൊക്കിയത് മരത്തിനു മുകളിൽ നിന്ന്
മലപ്പുറം: ദിവസേന പോസ്റ്റർ പതിക്കും, അടുത്ത ദിവസം രാവിലെ അത് നശിപ്പിക്കപ്പെട്ട നിലയിലായിരിക്കും. മലപ്പുറം തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചുള്ളിപ്പാറ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഹർഷാ ബാനുവും പ്രവർത്തകരും ദിവസങ്ങളായി ഈ 'പോസ്റ്റർ നശീകരണ'ത്തിന്റെ ആശങ്കയിലായിരുന്നു. എന്നാൽ, ഒടുവിൽ പോസ്റ്റർ കീറിക്കളഞ്ഞ 'പ്രതി'യെ കണ്ടെത്തിയപ്പോൾ നാട്ടുകാർക്കും പ്രവർത്തകർക്കും ഒരുപോലെ ചിരിയും ആശ്വാസവുമാണിപ്പോൾ. കാരണം, പ്രതി ഭൂമിയിൽ കാലുകുത്തുന്ന ഒരാളായിരുന്നില്ല എന്നതാണ് രസകരമായ വസ്തുത.
വീടിനോട് ചേർന്ന പറമ്പിലെ പടർന്നു പന്തലിച്ചു നിൽക്കുന്ന പുളിമരത്തിലാണ് ഹർഷാ ബാനുവിന്റെ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത്. കുട്ടികളുടെ കൈയെത്തും ഉയരത്തിലാണ് പോസ്റ്ററുകൾ വെച്ചിരുന്നത്. എന്നാൽ അടുത്ത ദിവസം രാവിലെയാകുമ്പോൾ നശിപ്പിക്കപ്പെട്ട നിലയിലാകും പോസ്റ്ററുകൾ കാണുക. ഒരാഴ്ചയോളം ഈ സംഭവം തുടർന്നതോടെ സ്വാഭാവികമായും യുഡിഎഫ് പ്രവർത്തകർക്ക് മറ്റ് പാർട്ടിക്കാരെ സംശയിക്കേണ്ടിയും വന്നു സ്വാഭാവികം, അതേസമയം സംഭവം നാട്ടിൽ ചർച്ചയായതോടുകൂടി രാഷ്ട്രീയ അന്തരീക്ഷം വഷളാവുകയും ചെയ്തു.
ഒടുവിൽ പ്രവർത്തകരും സ്ഥാനാർഥിയും ആശങ്കയിലായിരിക്കെയാണ് ഒരു ദിവസം രാവിലെ ആ 'സത്യം' വെളിപ്പെട്ടത്. പോസ്റ്റർ നശിപ്പിക്കുന്നത് രാഷ്ട്രീയ എതിരാളികളോ സാമൂഹികവിരുദ്ധരോ അല്ല, മറിച്ച് ഒരു അണ്ണാൻകുഞ്ഞാണ്! ഇരുട്ട് വീഴുന്നതോടെ പുളിമരത്തിൽ തമ്പടിക്കുന്ന ഈ അണ്ണാൻ പോസ്റ്ററുകൾ കരണ്ടു നശിപ്പിക്കുകയാണ് പതിവ്. വെളിച്ചമാകുമ്പോൾ മരത്തിന്റെ മുകളിലേക്ക് ഒറ്റയൊരു മുങ്ങലും.
ഒടുവിൽ, കാത്തിരിപ്പിനൊടുവിൽ യുഡിഎഫ് പ്രവർത്തകർ ഈ 'അണ്ണാൻ സാമൂഹികവിരുദ്ധനെ' കയ്യോടെ പിടികൂടി. ഇതോടെ എതിർപാർട്ടിക്കാർക്കെതിരെ ഉയർന്ന സംശയം ഒരു അണ്ണാനിൽ അവസാനിച്ചതിൽ നാട്ടുകാർക്ക് വലിയ ആശ്വാസമായി. ഒരു രാഷ്ട്രീയ സംഘർഷം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ചുള്ളിപ്പാറ ഡിവിഷൻ ഇപ്പോൾ.
A UDF candidate's election posters in the Tirurangadi division of Malappuram were repeatedly found destroyed, leading to political tension as workers suspected rival parties. After several days, the 'culprit' was caught red-handed: it was a squirrel (അണ്ണാൻകുഞ്ഞ്), often found high up in a tamarind tree, that was consistently chewing up the posters at night, much to the relief of the local community who saw a potential political conflict averted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."