സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സെമിഫൈനലായി എത്തിയ തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കൂട്ടിയും കിഴിച്ചും മുന്നണികൾ. പോളിങ് ശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരേ ഭരണവിരുദ്ധ വികാരമുണ്ടായില്ലെന്ന ആത്മവിശ്വാസം ഇടതുകേന്ദ്രങ്ങൾ പങ്കുവയ്ക്കുമ്പോൾ ശബരിമല സ്വർണക്കൊള്ളയുൾപ്പെടെയുള്ള വിഷയങ്ങളിൽ ഊന്നി ഭരണനാകൂല തരംഗമുണ്ടായില്ലെന്ന അവകാശവാദമാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ ഉന്നയിക്കുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ പ്രകടനം മികച്ചതാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പോടെ പോളിങ് ട്രെൻഡ് വ്യക്തമാകും. പിന്നെ ഫലമറിയാനുള്ള കാത്തിരിപ്പ്. ശനിയാഴ്ചയോടെ, ജനം തങ്ങൾക്ക് കുറിച്ച മാർക്ക് എത്രയെന്ന് മുന്നണികൾക്ക് വ്യക്തമാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയം ആവർത്തിക്കുമെന്നാണ് ഇന്നലെ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞത്. മുൻപും തെരഞ്ഞെടുപ്പുകളിലും മിന്നുന്ന വിജയം നേടാൻ എൽ.ഡി.എഫിന് സാധിച്ചിട്ടുണ്ട്. അത് ആവർത്തിച്ചുറപ്പിക്കുന്ന ഫലമാണ് ഉണ്ടാകാൻ പോകുന്നത്. കൂടുതൽ സീറ്റുകൾ നേടും. ഭരണത്തുടർച്ചയുടെ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും എൽ.ഡി.എഫിന് നേട്ടമാകുമെന്നും എം.എ ബേബി പറഞ്ഞു.
ചരിത്രമുന്നേറ്റം ഉണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രതികരണം. യു.ഡി.എഫിന് ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്നും ജനങ്ങൾ യു.ഡി.എഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും സർക്കാരിനെതിരേ ജനവികാരം ശക്തമായിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പ്രതികരണം.
ഇന്നലെ രാവിലെ മുതൽ ബൂത്തുകളിൽ തിരക്ക് തുടങ്ങിയിരുന്നു. ഏഴ് മണിക്കാണ് പോളിങ് തുടങ്ങിയത്. ഏഴ് ജില്ലകളിലെയും വിവിധ ബൂത്തുകളിൽ ഏഴു മണിക്ക് മുൻപ് തന്നെ വോട്ടർമാർ വരിനിന്നു. ആദ്യ മണിക്കൂറിൽ പോളിങ് കുതിച്ചപ്പോൾ റെക്കോഡ് പോളിങ് പ്രതീക്ഷിച്ചെങ്കിലും ഉച്ചയോടെ സ്ഥിതിഗതികൾ മന്ദഗതിയിലായി. പിന്നീട് വൈകുന്നേരം മൂന്നിന് ശേഷമാണ് പോളിങ് ശതമാനം വീണ്ടും ഉയർന്നത്. ഇഞ്ചോടിഞ്ച് ത്രികോണപ്പോരുള്ള തിരുവനന്തപുരം കോർപറേഷനിൽ പോളിങ് കുറഞ്ഞത് മുന്നണികളെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ വോട്ടർപട്ടികയിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്ന അഭിപ്രായമാണ് നേതാക്കൾ പങ്കുവച്ചത്. എറണാകുളം കോർപറേഷനിലും പ്രതീക്ഷിച്ച പോളിങ് ഉണ്ടായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."