ജാമ്യത്തിനെതിരായ സര്‍ക്കാര്‍ അപ്പീലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടിസ്; അപ്പീല്‍ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും
കൊച്ചി: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഉടന്‍ തീരുമാനമില്ല. ക്രിസ്മസ് അവധിക്ക് ശേഷമാണ് ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുക. അതേ സമയം, സര്‍ക്കാറിന്റെ അപ്പീലില്‍ രാഹുലിന് ഹൈക്കോടതി നോട്ടിസ് അയച്ചു. ജസ്റ്റിസ് വിജു എബ്രഹാമിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
രണ്ടാമത്തെ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ ഡിസംബര്‍ 10നാണ് ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. രാഹുല്‍ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന് ഉപാധികളില്‍ ഉണ്ട്.
ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി മുമ്പാകെയുള്ളത്. ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി 23കാരി കെ.പി.സി.സി നേതൃത്വത്തിന് നല്‍കിയ പരാതി പൊലിസിന് കൈമാറിയതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു.പരാതി നല്‍കുന്നതിലെ കാലതാമസവും യുവതിയുടെ പരാതിയിലും മൊഴിയിലും വൈരുധ്യവും ചൂണ്ടിക്കാട്ടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
ബലാത്സംഗം ആണെന്ന് ആരോപിക്കാന്‍ മതിയായ തെളിവില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിന്റെ ജാമ്യം റദ്ദാക്കണം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌തെന്ന മറ്റൊരു കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി വിധിക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹരജിയും ഹൈക്കോടതി മുമ്പാകെയുണ്ട്. ഈ കേസില്‍ കൂടുതല്‍ തെളിവ് തേടുകയാണ് എസ്.ഐ.ടി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ തോംസണ്‍ ജോസിനെ നേതൃത്വത്തില്‍ ആയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൂങ്കുഴലിക്ക് ഇതിന്റെ അന്വേഷണം കൈമാറിയിരുന്നു. 23 വയസുകാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ കേസും കൈമാറി. ഏകീകൃത അന്വേഷണം കൂടുതല്‍ ഗുണകരമാകുമെന്നാണ് കേസ് കൈമാറിയതിലുള്ള ഔദ്യോഗിക വിശദീകരണം.
സെഷന്‍സ് കോടതി വിധിക്കെതിരായ രാഹുലിന്റെ ഹരജി ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ച് ഉച്ചയോടെ പരിഗണിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഈ കേസില്‍ രാഹുലിനെ തല്‍ക്കാലത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു.
the kerala high court will consider after the christmas vacation the government appeal seeking cancellation of anticipatory bail granted to rahul mankootathil in a rape case. notice has been issued to rahul.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."