വെള്ളാപ്പള്ളി; എൽ.ഡി.എഫിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; ബിനോയ് വിശ്വത്തെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂട്ടുകെട്ടിനെച്ചൊല്ലി ഇടതു മുന്നണിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. വെള്ളാപ്പള്ളി നടേശനെ ഔദ്യോഗിക കാറിൽ കയറ്റിയതിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം ഉന്നയിച്ച പരസ്യ വിമർശനത്തെ, മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു തള്ളി. ഇന്നലെ വാർത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് തെറ്റാണെന്ന് കരുതുന്നില്ലെന്ന് തുറന്നടിച്ചു. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പരസ്യ വിമർശനം ഉന്നയിച്ചത്.
ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. 'ബിനോയ് വിശ്വത്തിന് ബിനോയ് വിശ്വത്തിൻ്റെ നിലപാടുണ്ടാകും, പിണറായി വിജയന് പിണറായി വിജയൻ്റേതും. ബിനോയ് വിശ്വം വെള്ളാപ്പള്ളിയെ കാറിൽ കയറ്റില്ലായിരിക്കും, ഞാൻ എൻ്റെ നിലപാടിന് അനുസരിച്ചാണ് പ്രവർത്തിക്കുക, അതുകൊണ്ടാണ് വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത്. അത് ശരിയായ പ്രവൃത്തി തന്നെയാണ്. അങ്ങനെ തന്നെയാണ് ഇപ്പോഴും കരുതുന്നത്. അതിൽ ഒരു തെറ്റുമുണ്ടെന്ന് ഞാൻ കരുതുന്നില്ല' - മുഖ്യമന്ത്രി തുറന്നുപറഞ്ഞു.
അതേസമയം വെള്ളാപ്പള്ളി സി.പി.ഐക്കെതിരേ ഉന്നയിച്ച 'ചതിയൻ ചന്തു' പരാമർശത്തെ മുഖ്യമന്ത്രി തള്ളി. എൽ.ഡി.എഫ് മുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടിയാണ് സി.പി.ഐ. സി.പി.എമ്മിന് സി.പി. ഐയുമായി നല്ല ബന്ധമാണ് ഉള്ളത്. സി.പി.ഐ വഞ്ചന കാണിക്കുന്ന പാർട്ടിയല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയെ ആര് നയിക്കും എന്ന് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി തന്നെ നയിക്കുമോ എന്നത് താൻ പറയേണ്ടതല്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
അതിനിടെ വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ചും പ്രതികൂലിച്ചും സി.പി.എം, സി.പി.ഐ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ വിഷയം ഇടതുമുന്നണിക്കുള്ളിൽ സജീവ ചർച്ചാവിഷയം ആയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സി.പി.എം കേന്ദ്രങ്ങൾ ഒന്നടങ്കം വെള്ളാപ്പള്ളിയെ അനുകൂലിച്ച് അണിനിരക്കുമ്പോൾ, വെള്ളാപ്പള്ളി പലയാവർത്തി നടത്തിയിട്ടുള്ള വർഗീയ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് എതിർക്കുകയാണ് സി.പി.ഐ നേതാക്കൾ. പൊതുസമൂഹത്തിൽ ഭിന്നതയുണ്ടാക്കുംവിധത്തിൽ കടുത്ത വിദ്വേഷ പരാമർശങ്ങൾ ഒരു മടിയും കൂടാതെ ആവർത്തിച്ച് പ്രയോഗിക്കുന്ന വെള്ളാപ്പള്ളിക്ക് സി.പി.എം പിന്തുണ കൊടുക്കുന്നത് എന്തിനു വേണ്ടിയെന്ന ചോദ്യവും സി.പി.ഐ നേതാക്കൾ ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."