മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ
ന്യൂഡൽഹി: ഐ.എസ്.എൽ സ്തംഭനാവസ്ഥയിലാണെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫുട്‌ബോൾ ഫെഡറേഷനോട് ക്ലബുകൾ. സൂപ്പർ ലീഗിലെ 14ൽ 13 ക്ലബുകളും പുതിയ സീസണിൽ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ കർശനമായ സാമ്പത്തിക നിബന്ധനകൾ സ്വീകരിച്ചാൽ മാത്രമേ കളിക്കാനാവൂ എന്നും ഇവർ അറിയിച്ചു. കളിക്കുന്നതിനുള്ള ഫീസ്, അധിക ബാധ്യതകൾ, മറ്റ് സാമ്പത്തിക ബാധ്യതകൾ എന്നിവ ഫെഡറേഷൻ ക്ലബുകളിൽ നിന്ന് ഒഴിവാക്കാൻ തയ്യാറാവണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇന്നലെ ക്ലബുകൾ ശക്തമായ ഭാഷയിൽ എ.ഐ.എഫ്.എഫിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ സംഘാടനപരമായും, പ്രവർത്തനപരമായും ഉള്ള ചെലവുകൾ വഹിക്കാൻ തയ്യാറായാൽ ക്ലബുകൾ കളിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. കൊമേഴ്ഷ്യൽ പാർട്ണറോ സ്‌പോൺസറോ ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം ക്ലബുകൾ മുന്നോട്ടുവെച്ചത്. സാമ്പത്തികമായി നിലനിൽക്കുന്നതും മെച്ചപ്പെട്ടതുമായ ഒരു മോഡൽ നിർബന്ധമായും വേണമെന്ന് ക്ലബുകളുടെ ആവശ്യത്തിലുണ്ട്. എത്രയും വേഗം കൊമേഴ്ഷ്യൽ പാർട്ണറെ നിയമിക്കണമെന്നാണ് ആവശ്യം. ബ്രോഡ്കാസ്റ്റ് പാർട്ണറെയും വേഗത്തിൽ കണ്ടെത്തണം, അതുപോലെ ക്ലബുകൾ റിസ്‌കില്ലാത്ത നടപടികളും ആവശ്യമാണെന്നും ഉടമകൾ ചൂണ്ടിക്കാണിച്ചു.
സ്‌പോർട്ടിങ് ക്ലബ് ഡൽഹി സി.ഇ.ഒ ധ്രുവ് സൂദാണ് മറ്റ് ക്ലബുകൾക്ക് വേണ്ടി കത്തയച്ചത്. 24 മണിക്കൂറിനുള്ളിൽ ക്ലബുകൾ സൂപ്പർ ലീഗിലെ പങ്കാളിത്തം അറിയിക്കണമെന്ന് ഫുട്‌ബോൾ ഫെഡറേഷൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മറുപടി നൽകിയത്. വരുമാനം വലിയ രീതിയിൽ ലഭിക്കാത്തതിനാലാണ് പങ്കാളിത്ത ഫീസ് അടക്കം ഒഴിവാക്കാനാണ് എ.ഐ.എഫ്.എഫിനോട് നിർദേശിച്ചത്.
കേന്ദ്ര സർക്കാരിന്റെ പിന്തുണയും ക്ലബുകൾ അഭ്യർഥിച്ചിട്ടുണ്ട്. അതേസമയം ജനുവരി മൂന്നിന് ക്ലബുമായി ബന്ധമുള്ളവരെയും മറ്റ് ഉദ്യോഗസ്ഥരെയും കാണാനുള്ള താൽപര്യവും ക്ലബ് പങ്കുവെച്ചു. സുപ്രീം കോടതി ഐ.എസ്.എൽ തർക്കം ജനുവരി അഞ്ചിന് പരിഗണിക്കാനിരിക്കെയാണ് ക്ലബുകൾ പുതിയ നിലപാട് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."