എൽപിജി വിലക്കയറ്റ ഭീഷണിയിൽ ആഭ്യന്തര വിപണി; ഇറക്കുമതിച്ചെലവ് കൂടുന്നത് വെല്ലുവിളിയാകുന്നു; ആശങ്ക യുഎസ് കരാറിന് പിന്നാലെ
മുംബൈ: ആഭ്യന്തര ആവശ്യത്തിനുള്ള ദ്രവീകൃത പെട്രോളിയം വാതകം (എൽ.പി.ജി) പകുതിയിലേറെയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. സഊദി, ഖത്തർ, കുവൈത്ത് എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളെയാണ് പ്രധാനമായും നാം ആശ്രയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞവർഷം അവസാനമാണ് യു.എസിൽ നിന്ന് എൽ.പി.ജി ഇറക്കുമതി നടത്താനുള്ള ചരിത്രപരമായ കരാറിലൊപ്പിട്ടത്. ഇന്ത്യൻ എണ്ണക്കമ്പനികൾ യു.എസിലെ കമ്പനികളുമായി ഒരു വർഷത്തെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ഒരുവർഷം കൊണ്ട് ഏകദേശം 22 ലക്ഷം ടൺ എൽ.പി.ജി ഇറക്കുമതിയാണ് നടത്തുക. ഈ കരാറിനു പിന്നാലെയാണ് വിലവർധനയുണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടറുകൾക്ക് ഇപ്പോൾ വിലവർധനയില്ലെങ്കിലും ഭാവിയിൽ വർധന വരാൻ സാധ്യത ഏറെയാണ്.
ആഗോള തലത്തിൽ വൻ വിലക്കയറ്റമുണ്ടെങ്കിൽ മാത്രമേ ഇവിടെയും നിരക്കുകൾ വർധിക്കാൻ പാടുള്ളൂ എന്ന് വിദഗ്ധർ പറയുന്നു. എന്നാൽ അത്തരത്തിലുള്ള വിലവർധന ഇപ്പോൾ ഉണ്ടായിട്ടില്ല. മാത്രമല്ല, അടുത്ത കാലംവരെ വില വളരെ താഴെയായിരുന്നുതാനും. ആഗോള തലത്തിൽ എൽ.പി.ജി വില അടുത്തിടെ ഉയർന്നിട്ടുണ്ട്. അതാകട്ടെ, 2025 ഏപ്രിൽ മുതൽ ഡിസംബർ വരെ വില കുറഞ്ഞുനിന്ന ശേഷമാണ്. തണുപ്പുകാലത്ത് ചൂട് ലഭിക്കാനായി ഉപകരണങ്ങൾ ചൂടാക്കുന്നതിന് എൽ.പി.ജി കൂടുതലായി ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ വിലവർധനവിനു കാരണം.
യു.എസ് താരതമ്യേന താഴ്ന്ന വിലയ്ക്കാണ് എൽ.പി.ജി നൽകുന്നത്. എന്നാൽ ചരക്കു കടത്തുകൂലി കൂടി വരുന്നതോടെ ഇത് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതിനേക്കാൾ വില കൂടിയതായി മാറുന്നു. ടണ്ണിന് ശരാശരി 30 ഡോളറിന് യു.എസിൽ നിന്ന് ലഭിക്കുന്ന എൽ.പി.ജി 45 ദിവസമെടുത്താണ് ഏഷ്യയിലെത്തുക. അതേസമയം, ഗൾഫിൽ നിന്ന് എട്ട് ദിവസത്തിനകം എൽ.പി.ജി ഇവിടെയെത്തും. ഇങ്ങനെ ചരക്കു കടത്തുകൂലിയിൽ നാലിരട്ടിയിലേറെ വർധന വരുന്നതിനാൽ യു.എസ് എൽ.പി.ജി ഉയർന്ന വിലയിലേ ഇവിടെ വിൽക്കാനാകൂ. ബെഞ്ച്മാർക്കായി മൗണ്ട് ബെൽവ്യൂ പരിഗണിച്ചാണ് ഇന്ത്യയുടെ പർച്ചേസുകൾ നടക്കുക.
ഇന്ത്യയുടെ ആകെ വാർഷിക ഇറക്കുമതിയുടെ 10ശതമാനം ആണ് യു.എസിൽ നിന്ന് വാങ്ങുന്നത്. ഇന്ത്യ−യു.എസ് വ്യാപാര ചർച്ചകളുടെ ഭാഗമായിട്ടാണ് പുതിയ കരാർ നടപ്പാകുന്നത്. വലിയ വിപണി തുറന്നുകിട്ടുന്നത് യു.എസിനെ സംബന്ധിച്ചു നേട്ടമാണ്.
India is a country that imports more than half of its domestic liquefied petroleum gas (LPG) from abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."