UAE Weather updates: അബൂദാബി റോഡുകളിൽ കനത്ത മൂടൽമഞ്ഞ്; ചില എമിറേറ്റുകളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ തന്നെ കനത്ത മൂടൽമഞ്ഞും കാഴ്ചപരിധി കുറവുമാണ് അനുഭവപ്പെടുന്നത്. അബൂദാബിയിലെ പല പ്രദേശങ്ങളിലും മൂടൽമഞ്ഞ് വ്യാപിച്ചതോടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഇന്ന് രാവിലെ 10 മണിവരെ തീരദേശവും ഉൾപ്രദേശങ്ങളുമായ ചില മേഖലകളിൽ കാഴ്ചപരിധി കൂടുതൽ കുറയാൻ സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. രാവിലെ അൽ ഹംറ, മദീനത്ത് സായിദ്, അൽ ജസീറ, മക്യാരിസ് (അൽ ദഫ്ര മേഖല) എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ NCM പുറപ്പെടുവിച്ചിട്ടുണ്ട്.
മൂടൽമഞ്ഞിന് പുറമേ രാജ്യത്തുടനീളം പൊതുവേ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്ക് സാധ്യതയുമാണെന്ന് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു. തീരദേശ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഷാർജ, റാസൽ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്.
മണിക്കൂറിൽ 20 കിലോമീറ്റർ വരെ 35 കിലോമീറ്റർ വരെയുള്ള കാറ്റ് വീശും. ഇതോടെ പൊടിയും മണലും ഉയരാൻ സാധ്യതയുള്ളതിനാൽ അലർജിയുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്.
രാജ്യത്ത് പരമാവധി താപനില 22 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 4 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് കണക്ക്. തീരദേശങ്ങളിൽ ശരാശരി താപനില 21 മുതൽ 26 ഡിഗ്രി വരെയും, മലനിരകളിൽ 12 മുതൽ 18 ഡിഗ്രി വരെയും പ്രതീക്ഷിക്കുന്നു.
തീരദേശ മേഖലകളിൽ ഈർപ്പം 70 മുതൽ 90 ശതമാനം വരെയും മലനിരകളിൽ 50 മുതൽ 70 ശതമാനം വരെയും ആയിരിക്കും. രാത്രി സമയങ്ങളിലും ബുധനാഴ്ച രാവിലെയും പ്രത്യേകിച്ച് തീരദേശവും ഉൾപ്രദേശങ്ങളുമായ മേഖലകളിൽ ആപേക്ഷിക ഈർപ്പം വർധിക്കുമെന്നും NCM അറിയിച്ചു.
Summary : Fog and low visibility have been reported in various parts of Abu Dhabi this morning, prompting warning from the National Center of Meteorology (NCM). Motorists are being urged to exercise extreme caution and adhere to safety regulations to prevent accidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."