വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്
കൊച്ചി: തുടര്‍ച്ചയായി എം.എല്‍.എയും മന്ത്രിയുമായി മാറിയപ്പോഴും എടയാറിലെ ബിനാനി സിങ്ക് എന്ന വ്യവസായ സ്ഥാപനത്തിലെ സാധാരണ തൊഴിലാളിയുടെ വിനയം ജീവിതത്തിലുടനീളം വി.കെ ഇബ്രാഹീം കുഞ്ഞ് എന്ന കൊങ്ങോര്‍പള്ളിക്കാരന്‍ കാത്തുസൂക്ഷിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുജീവിതത്തിലേക്ക് എത്തിയ ഇബ്രാഹീം കുഞ്ഞിന്റെ എളിമയും സൗമ്യതയും അണികള്‍ക്കപ്പുറം പൊതുസമൂഹത്തിലും ഇബ്രാഹീം കുഞ്ഞിന് ജനകീയത സമ്മാനിച്ചു. എം.എസ്.എഫിലൂടെ പഠനകാലത്ത് പൊതുരംഗത്ത് എത്തിയ ഇബ്രാഹീം കുഞ്ഞ് മലബാറിന് പുറത്ത് മുസ്‌ലിം ലീഗിന്റെ ജനകീയ നേതാവായി വളര്‍ന്നു. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാതെ സംഘടനാതലത്തിലും ട്രേഡ് യൂനിയന്‍ തലത്തിലും പ്രവര്‍ത്തിച്ചുവന്നിരുന്ന ഇബ്രാഹീം കുഞ്ഞ് പാര്‍ലമെന്ററീ രംഗത്തേക്ക് എത്തിയതോടെ തോല്‍വി അറിയാത്ത നേതാവായി മാറി. തൊഴിലാളിയില്‍ നിന്ന് എസ്.ടി.യുവിന്റെ തൊഴിലാളി നേതാവിലേക്കും മുസ്‌ലിം യൂത്ത് ലീഗിന്റെയും ലീഗിന്റെയും ജില്ലാനേതൃത്വത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃത്വത്തിലേക്കും ഉയര്‍ന്ന ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ യായ അദ്യകാലയളവില്‍ തന്നെ മന്ത്രി പദവിയിലെത്താനും ഭാഗ്യം ലഭിച്ചു. മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസകുഞ്ഞിന്റെ മട്ടാഞ്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും പിന്നീട് ഹംസകുഞ്ഞിന്റെ പഴ്സനല്‍ സ്റ്റാഫില്‍ അംഗമായി പ്രവര്‍ത്തിച്ചതും ഇബ്രാഹീം കുഞ്ഞിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. മുസ്‌ലിം ലീഗ് നേതാക്കളെ മുമ്പ് വിജയിപ്പിച്ചിട്ടുള്ള മട്ടാഞ്ചേരി മണ്ഡലം തിരിച്ചുപിടിക്കാന്‍ 2001 ല്‍ ഇബ്രാഹിം കുഞ്ഞിനെ കളത്തിലിറക്കിയപ്പോള്‍ കന്നിയങ്കം തന്നെ പതിനായിരത്തിലധികം വോട്ടിന്റെ ഭുരിപക്ഷത്തിലാണ് വിജയിച്ചത്.
2001 ലെ 12,183 വോട്ടിന്റെ ഭൂരിപക്ഷം 2006 ല്‍ 15,523 വോട്ടിന്റെ ഭൂരിപക്ഷമായി ഉയര്‍ത്തിയാണ് വീണ്ടും നിയമസഭയിലെത്തിയത്. തുടര്‍ന്ന വന്ന തെരഞ്ഞെടുപ്പില്‍ മട്ടാഞ്ചേരി ഇല്ലാതായതോടെ കളമശ്ശേരിയില്‍ നിന്ന് മത്സരിച്ചു 2011 ല്‍ 7789 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2016 ല്‍ 12,118 വോട്ടിന്റെ ഭൂരിപക്ഷത്തിലും കളമശ്ശേരിയില്‍ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി നിയോജക മണ്ഡലത്തിന്റെ അവസാന എം.എല്‍.എയും കളമശ്ശേരി എന്ന പുതിയ മണ്ഡലത്തിന്റെ പ്രഥമ ജനപ്രതിനിധിയുമായി തെരഞ്ഞെടുക്കപ്പെട്ടു എന്ന പ്രത്യേകതയും ഉണ്ട്. 2005 ല്‍ മന്ത്രിയായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി മുസ്‌ലിം ലീഗ് നേതൃത്വം കണ്ടെത്തിയത് ഇബ്രാഹിം കുഞ്ഞിനെയായിരുന്നു. 2005 ജനുവരി മുതല്‍ 2006 മെയ് വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ച ഇബ്രാഹീം കുഞ്ഞ് 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.പൊതുമാരമത്ത് വകുപ്പില്‍ വിസ്മയ ചന്ദ്രികയായി മാറിയ വി.കെ ഇബ്രാഹിം കുഞ്ഞിന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴലായി മാറിയത് പാലാരിവട്ടം മേല്‍പാലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും കേസുകളുമായിരുന്നു. അഴിമതികേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ് കേസുകളെ അതിജീവിച്ച് പൊതുരംഗത്ത് തിരിച്ചുവരവ് നടത്തിയെങ്കിലും പാര്‍ലമെന്ററി രംഗത്ത് നിന്ന് മാറി സഘടനാപ്രവര്‍ത്തനരംഗത്തായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്. ബിനാനി സിങ്കിലെ തൊഴിലാളിയില്‍ നിന്ന് കേരളത്തിലെ എസ്.ടി.യുവിന്റെ നേതൃതലത്തിലേക്ക് ഇബ്രാഹിം കുഞ്ഞ് വളര്‍ന്നിരുന്നു, ടെല്‍ക്ക് ടെക്‌നിക്കല്‍ എംപ്ലോയീസ് അസോസിയേഷന്‍, ട്രാക്കോ കേബിള്‍, കെ.എം.എം.എല്‍, കെ.ഇ.എല്‍, ടി.സി.സി, തിരുവല്ല ഷുഗേഴ്‌സ്, ജി.ടി.എന്‍ തുടങ്ങിയ കേരളത്തിലെ നിരവധി സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയന്‍ നേതാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള മുസ്ലിം എഡ്യൂക്കേഷന്‍ അസോസിയേഷന്റെ(കെ.എം.ഇ.എ) നേതൃതലത്തില്‍ പ്രവര്‍ത്തിച്ചു വിദ്യാഭ്യാസരംഗത്തും തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയ നേതാവായിരുന്നു ഇബ്രാഹിംകുഞ്ഞ്. തിരക്കുപിടിച്ച രാഷ്ടീയജീവിതത്തിലും സമസ്തയുടെയും പോഷകഘടകങ്ങളുടെയും പരിപാടികളില്‍ നിറസാന്നിധ്യമായി മാറാനും സമസ്തയുടെ നേതാക്കളുമായി നിരന്തരബന്ധം കാത്തുസൂക്ഷിക്കുന്നതിലും ജാഗ്രത കാണിക്കുകയും ചെയ്ത വി.കെ ഇബ്രാഹീംകുഞ്ഞ് സുപ്രഭാതത്തിന് പിന്തുണയുമായി അവസാനകാലയളവിലും സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."