ഇന്ത്യക്ക് അമേരിക്കയുടെ തിരിച്ചടി; റഷ്യൻ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങൾക്ക് 500% തീരുവ ചുമത്താൻ നീക്കം, പുതിയ ബില്ലിന് അനുമതി
വാഷിംഗ്ടൺ: റഷ്യൻ പെട്രോളിയം ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് വൻതോതിലുള്ള തീരുവകൾ ചുമത്താൻ അനുവദിക്കുന്ന പുതിയ ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. 'റഷ്യക്കെതിരായ ഉപരോധ നിയമം-2025' എന്ന ബിൽ അവതരണം നടത്താൻ അനുമതി ലഭിച്ചതായി യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഗ്രഹാം പറയുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാകുന്നതാണ് നിയമം.
യു.എസിന്റെ പുതിയ നീക്കം ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ നേരിട്ട് ബാധിക്കുകയും അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ കൂടുതൽ വഷളാക്കുകയും ചെയ്യും. റഷ്യൻ ഉത്ഭവ യുറേനിയം, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കൈമാറ്റത്തിൽ ഏർപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും തീരുവ നിരക്ക് കുറഞ്ഞത് 500% ആക്കണമെന്ന് ട്രംപ് ബില്ലിൽ പറയുന്നു.
റഷ്യ യുക്രെയ്ന്റെ മേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുകയാണ് ഉപരോധവും പുതിയ താരിഫും പ്രഖ്യാപിക്കുന്നതിലൂടെ യു.എസിന്റെ നീക്കം. യുദ്ധത്തിന് ആവശ്യമായ പണം റഷ്യ കണ്ടെത്തുന്നത് എണ്ണ വിൽപനയിലൂടെയാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. ഇന്ത്യക്ക് പുറമെ ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളാണ് റഷ്യയുടെ എണ്ണ പ്രധാനമായും വാങ്ങുന്നത്.
മാസങ്ങളായി യു.എസ് ബിൽ തയാറാക്കുന്ന ശ്രമത്തിലായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ വിട്ടുവീഴ്ചക്ക് തയാറാകുന്ന അവസ്ഥയിൽ റഷ്യ ചർച്ച ചെയ്ത് യുദ്ധം നീട്ടികൊണ്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് ബിൽ അവതരിപ്പിച്ച് ഉപരോധം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. 2022ലാണ് യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."