'ഉച്ചയ്ക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'; സംസ്ഥാനത്തെ കോടതികളിൽ ചാവേർ ബോംബ് ഭീഷണി
കാസർഗോഡ്: സംസ്ഥാനത്തെ ജില്ല കോടതികളിൽ അജ്ഞാത ബോംബ് ഭീഷണി. കാസർഗോഡ്, ഇടുക്കി, മഞ്ചേരി ജില്ല കോടതികളിലാണ് ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം എത്തിയത്. കോടതികളിൽ പൊലിസ് പരിശോധന തുടങ്ങിയിട്ടുണ്ട്.
വ്യാഴാഴ്ച പുലർച്ചെ 3.22ന് ആണ് ഇ-മെയിൽ സന്ദേശം വന്നിട്ടുള്ളത്. മൂന്ന് ആർ.ഡി.എക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്നാണ് സന്ദേശം. ഇതേതുടർന്ന് കോടതി സമുച്ചയങ്ങളിൽ നിന്ന് ജീവനക്കാരെയും അഭിഭാഷകരെയും ഉൾപ്പടെ ആളുകളെ മാറ്റി.
'നിങ്ങളുടെ കോടതിയിൽ മൂന്ന് ആർ.ഡി.എക്സ് അടങ്ങിയ ഒരു മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്. ഉച്ചക്ക് 1.15ന് മുൻപ് ജഡ്ജിമാരെ ഒഴിപ്പിക്കുക'- എന്ന സന്ദേശമാണ് ഇ-മെയിൽ വഴി ലഭിച്ചത്. കോടതിക്ക് സമീപം റിമോട്ട് കൺട്രോൾ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും ബോംബുകൾ പൊട്ടിത്തെറിച്ചില്ലെങ്കിൽ ചാവേർ ആക്രമണം ഉണ്ടാകുമെന്നും ഇ-മെയിലിൽ പറയുന്നു.
പൊലിസും ബോംബ് ഡോഗ് സ്ക്വാഡും കോടതികളിൽ എത്തി പരിശോധന തുടരുകയാണ്. ഒഴിപ്പിച്ച ആളുകളെ പരിശോധനയ്ക്ക് ശേഷം തിരിച്ച് പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെയുള്ള പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല.
തമിഴ് ലിബറേഷൻ ആർമിയുടെ പേരിലാണ് സന്ദേശമെത്തിയത്. മുഹമ്മദ് അസ്ലം വിക്രം എന്ന പേരാണ് സന്ദേശത്തിൽ നൽകിയിട്ടുള്ളത്. എന്നാൽ വ്യാജമാണോ യാഥാർത്ഥമാണോ എന്നറിവില്ല. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."