കേന്ദ്രം കുനിയാൻ പറഞ്ഞാൽ ഇഴയുന്ന സർക്കാരാണ് കേരളത്തിലുള്ളത്; പോരാട്ടമല്ല, പ്രഹസനം മുഖ്യമന്ത്രിയുടെ സത്യാഗ്രഹം കോമഡിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന സത്യാഗ്രഹ സമരത്തെ രൂക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് വെറും കാപട്യമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള 'കോമഡി' ഷോയാണ് പാളയത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ കുനിയാൻ പറയുമ്പോൾ ഇഴയുന്ന സർക്കാരാണ് കേരളത്തിലേതെന്ന് ചെന്നിത്തല പരിഹസിച്ചു. കഴിഞ്ഞ പത്തുവർഷമായി കേന്ദ്ര അവഗണനക്കെതിരെ ചെറുവിരൽ അനക്കാത്ത മുഖ്യമന്ത്രി, ഡൽഹിയിലെത്തുമ്പോൾ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രസാദിപ്പിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പിഎംശ്രീ (PM-SHRI) പദ്ധതിയിൽ ആരുമറിയാതെ ഒപ്പുവെച്ചത് ഇതിന് ഉദാഹരണമാണ്. പിണറായിയും മോദിയും തമ്മിലുള്ള അന്തർധാര ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ, നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുന്നത്. "സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഈ സർക്കാർ അമ്പേ പരാജയപ്പെട്ടു. കേരളത്തിന് അവകാശപ്പെട്ടത് പിടിച്ചുവാങ്ങാൻ കഴിയാത്ത മുഖ്യമന്ത്രി ഇപ്പോൾ സത്യാഗ്രഹം നടത്തുന്നത് ഇളിഭ്യത മറയ്ക്കാനാണ്. ഇത്തരം രാഷ്ട്രീയ നാടകങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിലപ്പോകില്ല" എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളേക്കാൾ സ്വന്തം നിലനിൽപ്പിനാണ് മുഖ്യമന്ത്രി പ്രാധാന്യം നൽകുന്നതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഈ സർക്കാരിനെ തൂത്തെറിയുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
congress leader ramesh chennithala has launched a sharp attack on the kerala government, claiming that while the central government only expects them to bend, the state leadership chooses to crawl instead. he dismissed the chief minister's recent protest (satyagraha) as a "comedy" and a theatrical performance, arguing that the government is merely putting on a show rather than engaging in a genuine struggle for the state's rights.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."