തന്ത്രിയുടെ അറസ്റ്റ്; ബി.ജെ.പി നേതാക്കൾ രണ്ടു തട്ടിൽ; തന്ത്രി വ്യാജരേഖ ചമച്ച പ്രതിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണസംഘം തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തത് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുമ്പോൾ വിഷയത്തിൽ പാർട്ടിയിൽ ഭിന്നത. തന്ത്രിയുടെ അറസ്റ്റിനെതിരേ രംഗത്തുവരുകയും തന്ത്രിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുകയും ചെയ്ത ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിനെതിരേ മുതിർന്ന നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണനും മുൻ ഡി.ജി.പി ടി.പി സെൻകുമാറുമാണ് രംഗത്തുവന്നത്. ദേവനെയും ഭക്തരെയും ഒരുപോലെ വഞ്ചിച്ച തന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും തന്ത്രി നിഷ്‌കളങ്കനല്ല, മറിച്ച് വ്യാജരേഖ ചമച്ച പ്രതിയാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഡോ. കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്കിൽ ആരോപിച്ചു.
2019 മെയ് 18ന് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തി വ്യാജ മഹസർ ചമച്ച പത്തംഗ പട്ടികയിൽ ഒന്നാം പേരുകാരൻ തന്ത്രി ആണെന്ന് അദ്ദേഹം പറയുന്നു. ശ്രീകോവിൽ സ്വർണം പൊതിഞ്ഞതാണെന്ന അറിവ് തന്ത്രിക്കുണ്ടായിരുന്നു. മുമ്പ് 38 കിലോ തങ്കം ഉപയോഗിച്ച് സ്വർണം പൊതിയുമ്പോഴും രാജീവര് തന്നെയായിരുന്നു തന്ത്രി. ഈ വസ്തുത മറച്ചുവച്ച് വ്യാജരേഖയുണ്ടാക്കിയത് സ്വർണക്കവർച്ചയ്ക്ക് കളമൊരുക്കാനാണെന്നും ഇത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീകോവിലിലെ ഏത് മരാമത്ത് പണിക്കും തന്ത്രിയുടെ രേഖാമൂലമുള്ള അനുവാദം ആവശ്യമാണ്. ശ്രീകോവിലിന്റെ ഭാഗങ്ങൾ പുറത്തുകൊണ്ടുപോയി അറ്റകുറ്റപ്പണി നടത്തുന്നത് ആചാരലംഘനമാണ്. ഇത് തടയുന്നതിൽ തന്ത്രി പരാജയപ്പെടുക മാത്രമല്ല, അതിന് കൂട്ടുനിൽക്കുകയും ചെയ്തു.
നിയമപരമായി പ്രതിഷ്ഠാ മൂർത്തി ഒരു 'മൈനർ' ആയതിനാൽ പ്രായപൂർത്തിയാകാത്ത ആ വ്യക്തിയുടെ സ്വത്തുക്കൾ സംരക്ഷിക്കേണ്ട രക്ഷിതാവിന്റെ കടമ തന്ത്രി ലംഘിച്ചതായും അദ്ദഹം വ്യക്തമാക്കി. അവനവൻ ചെയ്യുന്നതിന് അവൻ തന്നെ അനുഭവിക്കണമെന്നായിരുന്നു ബി.ജെ.പി സഹയാത്രികനായ മുൻ ഡി.ജി.പി ടി.പി സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ബി.ജെ.പി സംസ്ഥാനസമിതി അംഗം അഡ്വ. ബി.ജി വിഷ്ണുവാകട്ടെ ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ലെന്നും ഇനിയെങ്കിലും ഈ ബ്രാഹ്മണവിധേയത്വം ഹിന്ദുക്കൾ അവസാനിപ്പിക്കണമെന്നും വിമർശിച്ചു. നേരത്തെ, തന്ത്രിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ചെങ്ങന്നൂരിലെ വീട്ടിൽ നേരിട്ടെത്തിയാണ് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയറിയിച്ചത്. അതിനുശേഷം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സംസ്ഥാന മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനും വാർത്താസമ്മേളനം വിളിച്ചുചേർത്തും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തന്ത്രിയുടെ അറസ്റ്റിനെ എതിർത്ത ബി.ജെ.പി നിലപാടിനെതിരേ സമൂഹമാധ്യമങ്ങളിലും വിമർശനം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."