നഷ്ടത്തിലായ ബിസിനസ് വീണ്ടെടുക്കാൻ 'ഹണിട്രാപ്പ്';100 പേരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ ദമ്പതികൾ അറസ്റ്റിൽ
ഹൈദരാബാദ്: കരിംനഗറിൽ നൂറോളം പേരെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. മഞ്ചേരിയൽ സ്വദേശികളായ ദമ്പതികളാണ് ജനുവരി 14 ബുധനാഴ്ച പിടിയിലായത്. രഹസ്യ ക്യാമറ ഉപയോഗിച്ച് ഇരകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ക്രിമിനൽ ബുദ്ധിയിലേക്ക്
മാർബിൾ, ഇന്റീരിയർ ഡെക്കറേഷൻ ബിസിനസ് നടത്തിയിരുന്ന ഭർത്താവിന് ബിസിനസ്സിൽ ഉണ്ടായ കനത്ത നഷ്ടവും ഫ്ലാറ്റിന്റെ ഇഎംഐ കുടിശ്ശികയുമാണ് ദമ്പതികളെ ഈ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കൂടുതൽ പണം എളുപ്പത്തിൽ സമ്പാദിക്കുന്നതിനായി ഭാര്യയെ ഉപയോഗിച്ച് ആളുകളെ വശീകരിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
തട്ടിപ്പ് നടന്നത് ഇങ്ങനെ:
- സോഷ്യൽ മീഡിയ കെണി:
ഭാര്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആളുകളെ ആകർഷിച്ചായിരുന്നു ദമ്പതികൾ തട്ടിപ്പിനുള്ള കളം ഒരുക്കിയത്.സോഷ്യൽ മീഡിയയിലൂടെ താല്പര്യം പ്രകടിപ്പിക്കുന്നവരെ കരിംനഗറിലെ ഇവരുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു വരുത്തുകയും.വീട്ടിലെ മുറിയിൽ മുൻകൂട്ടി സ്ഥാപിച്ചിട്ടുള്ള രഹസ്യ ക്യാമറ വഴി ഇരകളും ഭാര്യയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ ഭർത്താവ് പകർത്തും.ഈ വീഡിയോകൾ കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ തട്ടിപ്പ് രീതി.
60 ലക്ഷത്തിന്റെ സമ്പാദ്യം; ആഡംബര ജീവിതം
കഴിഞ്ഞ നാല് വർഷമായി ഇവർ ഈ തട്ടിപ്പ് തുടരുന്നതായി പൊലിസ് കണ്ടെത്തി. ഏകദേശം 60 ലക്ഷം രൂപ ഇത്തരത്തിൽ ഇവർ സമ്പാദിച്ചിട്ടുണ്ട്. ഈ പണം ഉപയോഗിച്ച് വാങ്ങിയ ആഡംബര ഫ്ലാറ്റും കാറും പൊലിസ് പിടിച്ചെടുത്തു.അടുത്തിടെ ഒരു ഇരയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വീണ്ടും 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതാണ് ദമ്പതികളെ കുടുക്കിയത്. മാനസികമായി തകർന്ന ഇയാൾ സുഹൃത്തുക്കളുടെ സഹായത്തോടെ പൊലിസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം ഊർജ്ജിതം
ദമ്പതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരുടെ പക്കൽ നിന്നും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പേർ ഇവരുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലിസ് പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."