ആരവല്ലി കുന്നുകളിലെ ഖനനം കർശനമായി കൈകാര്യം ചെയ്യുമെന്ന് സുപ്രിംകോടതി; ഖനനം അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാറിന്റെ ഉറപ്പ്
ന്യൂഡൽഹി: ആരവല്ലി മേഖലയിൽ ഖനന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് രാജസ്ഥാൻ സർക്കാർ സുപ്രിംകോടതിയിൽ ഉറപ്പ് നൽകി. ആരവല്ലി കുന്നുകളുടെ നിർവചനം സംബന്ധിച്ച വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുൽ പഞ്ചൗലി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെയാണ് രാജസ്ഥാൻ സർക്കാർ ഉറപ്പ് നൽകിയത്. ഈ ഉറപ്പ് സുപ്രിംകോടതി രേഖപ്പെടുത്തി. വിഷയം പരിശോധിക്കാൻ വിദഗ്ധ സമിതിക്ക് രൂപം നൽകുമെന്ന് ബെഞ്ച് പറഞ്ഞു. നിർദിഷ്ട കമ്മിറ്റി കോടതിയുടെ നിർദേശത്തിലും മേൽനോട്ടത്തിലും പ്രവർത്തിക്കും. ആരവല്ലി കുന്നുകളുടെ നിർവചനം മാറ്റിയത് ശരിവച്ച മുൻ സുപ്രിംകോടതി ഉത്തരവിനുള്ള സ്‌റ്റേ നീട്ടി.
ആരവല്ലി കുന്നുകളിൽ മേഖലയിൽ ചില നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും അനധികൃത ഖനനം കനത്ത പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ കർശനമായി കൈകാര്യം ചെയ്യും. അനധികൃത ഖനനം പൂർണമായും നിർത്തലാക്കേണ്ടതുണ്ട്. ഇത് ഒരു നേരിട്ടുള്ള കുറ്റകൃത്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മറ്റെല്ലാ ഇടപെടൽ അപേക്ഷകളും അമിക്കസ് ക്യൂറി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വർ പരിശോധിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി.
ചില പുതിയ ഖനന പാട്ടങ്ങൾ അനുവദിച്ചിട്ടുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും രാജസ്ഥാനിൽ നിന്നുള്ള ചില കർഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു. പർവതങ്ങളെ നിർവചിക്കുന്നത് തന്നെ തെറ്റാണെന്ന് പരിസ്ഥിതി സ്‌നേഹികൾക്കായി ഹാജരായ കപിൽ സിബൽ വാദിച്ചു.
വിദഗ്ദ്ധ സമിതിയിലേക്ക് ഖനനത്തിലും അനുബന്ധ മേഖലകളിലും വൈദഗ്ധ്യമുള്ള പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും പേരുകൾ നിർദേശിക്കാൻ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയ്ക്കും അമിക്കസ് ക്യൂറിക്കും നിർദേശം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."