In Depth Story: 'അമേരിക്ക': പ്രചോദനം ഇറ്റാലിയന്‍ സഞ്ചാരി അമേരിഗോ വേസ്പുച്ചിയുടെ പേര്; ഇന്ന് ലോക പൊലിസായി മാറിയതിനു പിന്നില്‍ വംശീയതയുടെ നീണ്ട ചരിത്രം
1507ല്‍ കാര്‍ട്ടോഗ്രാഫര്‍ മാര്‍ട്ടിന്‍ വാല്‍ഡ്‌സീമുള്ളര്‍ താന്‍ വരച്ച ഭൂപടത്തിലെ പ്രദേശത്തിന് ഇറ്റാലിയന്‍ സഞ്ചാരി അമേരിഗോ വേസ്പുച്ചിയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 'അമേരിക്ക' എന്ന് പേര് നല്‍കിയപ്പോള്‍ ഒരുപക്ഷെ അന്ന് ജീവിച്ചിരുന്ന ആരും തന്നെ നൂറ്റാണ്ടുകള്‍ക്കിപ്പുറം ഭൂപടത്തിലെ ആ പ്രദേശം ലോകത്ത് ചെലുത്താന്‍ പോകുന്ന സ്വാധീനത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല.
പതിനഞ്ചാം നൂറ്റാണ്ടിലെ യൂറോപ്പ്യന്‍ അധിനിവേശം, തുടര്‍ന്ന് അമേരിക്കന്‍ ആദിവാസികള്‍ക്ക് നേരെ അധിനിവേശ ശക്തികള്‍ അഴിച്ചു വിട്ട അക്രമ പരമ്പരകള്‍, വംശഹത്യകള്‍, പത്തൊമ്പതാം നൂറ്റാണ്ടില്‍ മികച്ച ഭരണഘടനയിക്ക് കീഴില്‍ സ്ഥാപിക്കപ്പെട്ട ആധുനിക രാഷ്ട്ര സംവിധാനവും ഭരണകൂടവും, ഇരുപതാം നൂറ്റാണ്ടിലെ രണ്ട് ലോക മഹായുദ്ധങ്ങളിലെ സാന്നിധ്യവും തുടര്‍ന്ന് ശക്തിപ്പെട്ട സാമ്പത്തിക സൈനിക മേഖലയും, ഇരുപതിയൊന്നാം നൂറ്റാണ്ടിലെ 'സൂപ്പര്‍ പവര്‍' എന്ന സ്ഥാനം... അമേരിക്കയുടെ ചരിത്രത്തെ വായിക്കുമ്പോള്‍ അധിനിവേശത്തിന്റെയും, വംശഹത്യകളുടെയും, അടിമത്ത സമ്പ്രദായത്തിന്റെയും, ചൂഷണത്തിന്റെയും കഥയല്ലാതെ മറ്റൊന്നും വായിച്ചെടുക്കാന്‍ സാധിക്കുകയില്ല. മറ്റൊരര്‍ത്ഥത്തില്‍ അമേരിക്കയുടെ ഉത്ഭവം തന്നെ ഒരു ജനക്കൂട്ടത്തെ ഭൂമിയില്‍ നിന്ന് തുടച്ച് നീക്കി കൊണ്ടാണെന്നാണ് ചരിത്രം നമ്മോട് പറഞ്ഞു വെക്കുന്നത്.
അമേരിക്കന്‍ ആദിവാസികള്‍:
സൈബീരിയയില്‍ നിന്ന് അലാസ്‌കയിലേക്ക് ബെറിംഗ് കരഭൂമി വഴി ഏതാണ്ട് 25,000 വര്‍ഷം മുമ്പാണ് പാലിയോ ഇന്ത്യന്‍സ് എന്ന വര്‍ഗ്ഗം അമേരിക്കന്‍ ഭൂഖണ്ഡത്തിലേക്ക് കുടിയേറുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ കൊളമ്പസ് അമേരിക്കയിലേക്ക് എത്തുന്നതിന് മുന്നേ ആയിരക്കണക്കിന് ഗോത്ര വര്‍ഗ്ഗങ്ങളായി കൊണ്ട് തങ്ങള്‍ക്ക് പ്രിയപ്പെട്ട തൊഴിലുകള്‍ ചെയ്ത് ജീവിച്ച കൂട്ടമായിരുന്നു അമേരിക്കന്‍ ആദിവാസികള്‍.
യൂറോപ്പ്യന്‍ അധിനിവേശം:
ഇറ്റലിയില്‍ ജനിച്ച കൊളംബസ് 1492ല്‍ സ്പാനിഷ് രാജാവ് ഫെര്‍ഡിനാണ്ടോയുടെയും, രാജകുമാരി ഇസബെല്ലയുടെയും ആശിര്‍വാദത്തോടെ ഏഷ്യ ലക്ഷ്യം വെച്ച് കപ്പല്‍ യാത്ര ആരംഭിച്ചതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയപ്പെടുന്നത്. ഒന്ന് ഏഷ്യയിലെ പ്രകൃതി വിഭവങ്ങള്‍ യൂറോപ്പിലേക്ക് എത്തിക്കുക, മറ്റൊന്ന് ക്രിസ്തീയ മതം ഏഷ്യന്‍ മണ്ണിലേക്ക് കൂടി വ്യാപിപ്പിക്കുക. എന്നാല്‍ ഏഷ്യ ലക്ഷ്യം വെച്ചിറങ്ങിയ കൊളംബസ് എത്തിപ്പെട്ടത് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലാണ്. പിന്നീട് നീണ്ട നൂറ്റാണ്ട് കാലം വടക്കേ അമേരിക്കയും, തെക്കേ അമേരിക്കയും യുറോപ്പ്യന്‍ കോളനി വാഴ്ചയുടെ കീഴിലായി. വടക്കേ അമേരിക്ക ഭരിച്ചിരുന്നത് ഫ്രഞ്ചും, ബ്രിട്ടണും ചേര്‍ന്നാണ്. തെക്കേ അമേരിക്ക സ്‌പെയിനും, പോര്‍ച്ചുഗീസും ചേര്‍ന്നും. ബ്രിട്ടീഷ്, സ്പാനിഷ്, ഫ്രഞ്ച്, ഡച്ച്, ഡാനിഷ് കോളനികളാണ് കരിബീയന്‍ മേഖലയെ ഭരിച്ചിരുന്നത്. ഇതില്‍ വടക്കേ അമേരിക്ക ഭരിച്ച 13 ബ്രിട്ടീഷ് കോളനികള്‍ ചേര്‍ന്നാണ് 1776ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക(യു.എസ്.എ)ക്ക് രൂപം നല്‍കുന്നത്.
ഇന്നത്തെ യു എസിന്റെ ചരിത്രം യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് 1607ല്‍ ബ്രിട്ടണില്‍ നിന്ന് വന്ന അധിനിവേശകര്‍ ഇന്നത്തെ വര്‍ജീനിയയില്‍ ജെയിംസ് ടൗണ്‍ സ്ഥാപിക്കുന്നതോട് കൂടിയാണ്.
102 യാത്രക്കാരും 30 ജീവനക്കാരുമായി ബ്രിട്ടണില്‍ നിന്ന് അധിനിവേശകരുമായി പുറപ്പെട്ട് അമേരിക്കയിലെ പ്ലൈമൗത്തില്‍ നങ്കൂരമിട്ട മേഫ്‌ലവര്‍ എന്ന കപ്പലിന്റെ വരവും അമേരിക്കയിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ തുടക്കത്തിന് കാരണമായ ഒന്നാണ്.
മസാച്ചൂസെറ്റ്‌സ്, ന്യൂ ഹാംപ്ഷയര്‍, റോഡ് ഐലന്‍ഡ്, കണെറ്റിക്കട്ട്, ന്യൂയോര്‍ക്ക്, ന്യൂ ജേഴ്‌സി, പെന്‍സില്‍വേനിയ, ഡെലാവയര്‍, മേരിലാന്‍ഡ്, വര്‍ജീനിയ, നോര്‍ത്ത് കരോലീന, സൗത്ത് കരോലീന, ജോര്‍ജിയ എന്നിങ്ങനെ പതിമൂന്ന് കുടിയേറ്റ കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് അധിനിവേശക്കാര്‍ വടക്കേ അമേരിക്കയില്‍ സ്ഥാപിച്ചു.
അമേരിക്കയിലെ കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നതിനായി ബ്രിട്ടീഷുകാര്‍ ആഫ്രിക്കയില്‍ നിന്ന് ലക്ഷക്കണക്കിന് അടിമകളെ അമേരിക്കയിലേക്ക് കൊണ്ട് വരികയും ചെയ്തു. ഇത് അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നൂറ്റാണ്ടുകളോളം നീണ്ടു നിന്ന അടിമത്ത സമ്പ്രദായത്തിനും, ഇന്നും നിലനില്‍ക്കുന്ന വംശീയ ചേരിതിരിവിനും കാരണമായി.
യൂറോപ്പ്യര്‍ അമേരിക്കന്‍ ആദിവാസികളോട് ചെയ്തത്
സെറ്റ്‌ലര്‍ കൊളോണിയലിസത്തിന്റെ ഭാഗമായി അമേരിക്കയുടെ മണ്ണിലേക്ക് എത്തിയ ബ്രിട്ടീഷ് അധിനിവേശകര്‍ പകര്‍ച്ചവ്യാധികളിലൂടെയും, വംശഹത്യയിലൂടെയുമാണ് അമേരിക്കന്‍ ആദിവാസികളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത്.
1492ല്‍ യൂറോപ്പ്യര്‍ അമേരിക്കയിലേക്ക് വരുന്നതിന് മുന്നേ അമേരിക്കന്‍ ആദിവാസികളുടെ ജനസംഖ്യ ഏതാണ്ട് 50-60 മില്യണായിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസത്തിന് ശേഷം 1600-650 കാലഘട്ടത്തില്‍ എത്തിയപ്പോള്‍ അമേരിക്കന്‍ ആദിവാസികളുടെ ജനസംഖ്യ ഏതാണ്ട് 40-55 മില്യണായി കുറഞ്ഞു. ഇതിന് പ്രധാന കാരണമായി പറയുന്നത് പകര്‍ച്ചവ്യാധിയാണ്. യൂറോപ്പ്യര്‍ ബോധപൂര്‍വ്വം അമേരിക്കന്‍ ആദിവാസികളിലേക്ക് രോഗം പടര്‍ത്തുകയും അങ്ങനെ വസൂരി, ഇന്‍ഫ്‌ലുവന്‍സ, പ്ലേഗ്, ക്ഷയം പോലെയുള്ള രോഗങ്ങള്‍ പിടിപെട്ട് ലക്ഷക്കണക്കിന് അമേരിക്കന്‍ ആദിവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇതിന് പുറമെ യുദ്ധം, കൂട്ടക്കൊലകള്‍, അടിമത്തം, തൊഴിലിടങ്ങളിലെ പീഡനം വഴി കൊല്ലപ്പെട്ട അമേരിക്കന്‍ ആദിവാസികളുടെ എണ്ണം ഏതാണ്ട് 2-5 മില്യണ്‍ വരും.
ഇതൊന്നും കൂടാതെ അമേരിക്കന്‍ ആദിവാസികളെ അപരിഷ്‌കൃതര്‍ എന്ന് ചൂണ്ടി കാട്ടി മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്താനും, അവരുടെ സാമൂഹിക രാഷ്ട്രീയ പ്രതിനിധാനത്തെ ഇല്ലായ്മ ചെയ്യാനും വെള്ള വംശീയതയ്ക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട ഈ അപരവത്കരണത്തിനോടുള്ള പ്രതിഷേധമായിട്ടാണ് ഹോളിവുഡ് സിനിമ താരം മര്‍ളന്‍ ബ്രാന്‍ഡോ 1973ല്‍ ഗോഡ് ഫാദറെന്ന സിനിമയിലെ അഭിനയത്തിന് തനിക്ക് ലഭിച്ച ഓസ്‌കാര്‍ അവാര്‍ഡ് നിരസിക്കുന്നത്.
ബ്രിട്ടണോട് തെറ്റി പിരിഞ്ഞ 13 കോളനികള്‍ രൂപീകരിച്ച യു.എസ്:
ബ്രിട്ടണില്‍ നിന്ന് വന്നവരാണെങ്കിലും അമേരിക്കയില്‍ കുടിയേറിയ 13 കോളനികള്‍ തങ്ങളെ ബ്രിട്ടണില്‍ നിന്ന് സ്വതന്ത്രമായിട്ടുള്ള അസ്തിത്വമായിട്ടാണ് മനസ്സിലാക്കിയിരുന്നത്. ഈയൊരു ധാരണ പലപ്പോഴും ബ്രിട്ടണുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ 13 കോളനികളെ പ്രേരിപ്പിക്കുകയും ചെയ്തു. ബ്രിട്ടണ്‍ ചുമത്തിയ നികുതിയും, പാര്‍ല്യമെന്റിലെ പ്രാതിനിധ്യമില്ലായ്മയും 13 കോളനികളെ ബ്രിട്ടണിന് എതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. 1775 മുതല്‍ 83 വരെ നടന്ന ബാറ്റല്‍ ഓഫ് ലെക്‌സിംഗ്ട്ടന്‍, ബാറ്റല്‍ ഓഫ് ബങ്കര്‍ ഹില്ല്, ബാറ്റല്‍ ഓഫ് സറാട്ടോഗ, വിന്റര്‍ അറ്റ് വാലി ഫോര്‍ജ്, ബാറ്റല്‍ ഓഫ് യോര്‍ക്ടൗണ്‍ എന്നീ നീണ്ട യുദ്ധ പരമ്പരകളുടെ അനന്തരഫലമായിയാണ് 13 കോളനികള്‍ ചേര്‍ന്ന് 1776ല്‍ യു എസ്സ് രൂപീകരിക്കുന്നത്.
ഇങ്ങനെ വംശഹത്യയിലൂടെ വെള്ള വംശീയവാദികളായിട്ടുള്ള അധിനിവേശ ശക്തികള്‍ അവരുടെ തന്നെ ജന്മ പ്രദേശമായ ബ്രിട്ടണിനോട് യുദ്ധം ചെയ്തുണ്ടാക്കിയ രാഷ്ട്രമാണ് നിലവിലെ യു എസ്. പ്രസ്തുത വംശീയ സിദ്ധാന്തവും, വംശഹത്യ പദ്ധതികളുമാണ് ഇന്നും യു.എസെന്ന രാഷ്ട്രത്തെ പിടിച്ചു നിര്‍ത്തുന്ന പ്രധാന ഘടകവും.
English Summary
This article explores the dark origins of the United States, arguing that the nation's foundation is deeply rooted in the displacement and genocide of its indigenous populations. It details how European colonization, beginning with Columbus and later British settlers, systematically decimated Native American tribes through warfare, forced labor, and the intentional spread of diseases. The narrative also highlights how the import of African slaves laid the groundwork for centuries of systemic racism that continues to impact American society today. Ultimately, the author suggests that the modern superpower's identity remains inextricably linked to its history of settler colonialism and racial exclusion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."