ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി
ദുബൈ: ദുബൈയിൽ ട്രക്കിൽ നിന്ന് ഡീസൽ മോഷ്ടിച്ച കേസിലെ പ്രതികൾക്ക് തടവുശിക്ഷയും പിഴയും വിധിച്ച് കോടതി. തടവുശിക്ഷയ്ക്ക് ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഒരു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനാണ് ദുബൈ കോടതി ഉത്തരവിട്ടത്.
ജബൽ അലിയിലെ വ്യാവസായിക മേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കമ്പനിയുടെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന ട്രക്ക് കാണാതായതോടെ ഡ്രൈവർ പൊലിസിൽ പരാതി നൽകുകയായിരുന്നു. പാർക്കിംഗ് സ്ഥലത്ത് ടയർ പാടുകൾ മാത്രം കണ്ടതോടെ വാഹനം മോഷണം പോയതാണെന്ന് ഉറപ്പിക്കുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ തന്നെ ദുബൈ പൊലിസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി ട്രക്ക് ഓടിച്ചുപോകുന്നതായി കണ്ടെത്തി. ജബൽ അലിയിലെ ഒരു വിജനമായ സ്ഥലത്ത് ട്രക്ക് ഉപേക്ഷിച്ച ശേഷം പ്രതി നടന്നുപോകുന്ന ദൃശ്യങ്ങളും പൊലിസിന് ലഭിച്ചു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഒന്നാം പ്രതിയെ പൊലിസ് വലയിലാക്കി. പഴയൊരു താക്കോൽ ഉപയോഗിച്ചാണ് താൻ ട്രക്ക് മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. വാഹനം ആരുമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി ഡീസൽ ഊറ്റിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. മോഷ്ടിച്ച ഇന്ധനം 450 ദിർഹത്തിന് വാങ്ങിയ രണ്ടാമനെ പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തു.
മോഷണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കോടതി നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ കുറ്റസമ്മത മൊഴിയും നിർണ്ണായക തെളിവുകളായി കോടതി വിലയിരുത്തി.
ഒന്നാം പ്രതിക്ക് ഒരു മാസം തടവും 1,650 ദിർഹം പിഴയും വിധിച്ച കോടതി രണ്ടാം പ്രതിക്ക് ഒരു മാസം തടവും 450 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇരുവരേയും യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
two men convicted in dubai for stealing a truck and siphoning diesel fuel face one month jail terms fines and deportation after cctv evidence confessions and recovered fuel proved premeditated theft and illegal sale to buyer during police investigation proceedings
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."