എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ എണ്ണം 20,000 കടന്നു; 36.89 ലക്ഷം പേർക്ക് ഹിയറിങ് നോട്ടിസ്
തിരുവനന്തപുരം: വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടക്കുന്ന ഹിയറിങ്ങിൽ പുറത്താകുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ വരെ 21,130 പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. ഇതിൽ 2,804 പേർ എന്യുമറേഷൻ കാലഘട്ടത്തിൽ മരണപ്പെട്ടവരും 1,039 പേർ വിദേശ പൗരത്വം സ്വീകരിച്ചവരും 17,287 പേർ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു. ഖേൽക്കർ വിശദമാക്കി.
എസ്.ഐ.ആറിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ 36,89054 പേർക്കാണ് ഹിയറിങ് നോട്ടിസ് ഇതുവരെ നൽകിയത്. ഇതിൽ 32,81001 പേരുടെ ഹിയറിങ് പൂർത്തിയാക്കി. 2002ലെ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചു നൽകാതിരുന്ന 19.32 ലക്ഷം പേർക്കാണ് നോട്ടിസ് നൽകേണ്ടിയിരുന്നത്. എന്നാൽ പേരുകളിൽ ഉൾപ്പെടെ ചെറിയ തെറ്റുകൾ ഉള്ളവർക്ക് പോലും നോട്ടിസ് ജനറേറ്റ് ചെയ്തതാണ് എണ്ണം ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം, 2512 പേരുടെ ഹിയറിങ് പൂർത്തിയാക്കുന്നതോടെ തിരുവനന്തപുരം ജില്ലയിൽ ഹിയറിങ് പൂർത്തിയാകും. ഫെബ്രുവരി 12നകം സംസ്ഥാനത്തുടനീളം ഹിയറിങ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു.ഖേൽക്കർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."