നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി; സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: എം.സി റോഡിൽ വെമ്പായം കൊപ്പം അന്താരാഷ്ട്ര നീന്തൽകുളത്തിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. വെമ്പായം കൊഞ്ചിറ സ്വദേശി ജയചന്ദ്രൻ (56) ആണ് മരിച്ചത്. ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലരയോടെയാണ് കേരളത്തെ നടുക്കിയ ഈ അപകടം ഉണ്ടായത്.
അപകടം നടന്നത് ഇങ്ങനെ
അമിതവേഗതയിലെത്തിയ ബസ് ഒരു സ്കൂട്ടറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്കൂട്ടർ യാത്രക്കാരനായ ജയചന്ദ്രനെ ഇടിച്ചുതെറിപ്പിച്ച ശേഷം ബസ് റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറി. ബസിനും കടയ്ക്കും ഇടയിൽപ്പെട്ട സ്കൂട്ടർ പൂർണ്ണമായും തകർന്നു.
അപകടത്തിൽ ബസിലെ യാത്രക്കാർക്കും കടയിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ചിലരുടെ പരിക്ക് ഗൗരവകരമാണെന്നാണ് വിവരം.അപകടം നടന്നയുടൻ നാട്ടുകാരും വ്യാപാരികളും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി ബസ് വെട്ടിപ്പൊളിച്ചും ക്രെയിൻ ഉപയോഗിച്ചും രക്ഷാപ്രവർത്തനം ഊർജിതമാക്കി.
ഗതാഗത തടസ്സം
അപകടത്തെത്തുടർന്ന് എം.സി റോഡിൽ കൊപ്പം ഭാഗത്ത് മണിക്കൂറുകളോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. പൊലിസെത്തി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. മരിച്ച ജയചന്ദ്രന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."