സി.ജെ. റോയിയുടെ മരണം: 'ഐടി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയില്ല'; വെളിപ്പെടുത്തലുമായി കോൺഫിഡന്റ് ഗ്രൂപ്പ്
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കമ്പനി ആദ്യമായി ഔദ്യോഗിക വാർത്താസമ്മേളനം നടത്തി. ആദായനികുതി വകുപ്പ് (IT) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരുവിധ സമ്മർദ്ദവും ഉണ്ടായിരുന്നില്ലെന്നും അവർ കമ്പനിയുടെ ശത്രുക്കളല്ലെന്നും എം.ഡി ടി.എ. ജോസഫ് വ്യക്തമാക്കി.
ഐടി റെയ്ഡിനെക്കുറിച്ച് എംഡി പറഞ്ഞത്:
റോയിയുടെ മരണത്തിന് കാരണം ഐടി ഉദ്യോഗസ്ഥരുടെ പീഡനമാണെന്ന രീതിയിൽ വന്ന വാർത്തകളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു.
സൗഹൃദപരമായ പരിശോധന:
ജിഎസ്ടി പരിശോധനകൾ പോലെ സാധാരണമായ ഒരു നടപടി മാത്രമാണ് ആദായനികുതി വകുപ്പും നടത്തിയത്. ഉദ്യോഗസ്ഥർ ആരെയും അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല.പരിശോധനകളോട് കമ്പനി പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. ആരെങ്കിലും മോശമായി പെരുമാറിയിരുന്നെങ്കിൽ അത് കണ്ടുനിൽക്കുന്നയാളല്ല റോയിയോ താനോ എന്ന് ടി.എ. ജോസഫ് പറഞ്ഞു.റോയിയുടെ മരണവുമായി ബന്ധപ്പെട്ട പൊലിസ് അന്വേഷണത്തിൽ കമ്പനി തൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനം
മരണശേഷം സി.ജെ. റോയിയുടെ കുടുംബത്തെയും കമ്പനിയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബർമാർക്കെതിരെ എംഡി കടുത്ത ഭാഷയിൽ പ്രതികരിച്ചു. "മരിച്ചയാളെ പോലും വേട്ടയാടുന്നത് മ്ലേച്ഛമായ പ്രവർത്തിയാണ്. തെറ്റായ കാര്യങ്ങൾ ആഘോഷിക്കുന്നത് നിർത്തണം," അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യധാര മാധ്യമങ്ങൾ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
കമ്പനിയുടെ സാമ്പത്തിക ഭദ്രത
ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും ആശങ്ക വേണ്ടെന്ന് എംഡി ഉറപ്പുനൽകി.കോൺഫിഡന്റ് ഗ്രൂപ്പിന് നിലവിൽ വായ്പകളോ ബാധ്യതകളോ ഇല്ല. കമ്പനി ആർക്കും പണം നൽകാനില്ല, മറിച്ച് ഇങ്ങോട്ടാണ് പണം ലഭിക്കാനുള്ളത്.കമ്പനിയിൽ പുറത്തുനിന്നുള്ള നിക്ഷേപകർ ആരുമില്ല. ആരെങ്കിലും നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് ഇരട്ടിയായി തിരിച്ചുനൽകാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
കേരളത്തിലെയും ബെംഗളൂരുവിലെയും എല്ലാ പ്രോജക്റ്റുകളും പുനരാരംഭിച്ചു. റോയിയുടെ മകൻ രോഹിത് റോയിയും ടി.എ. ജോസഫും ചേർന്ന് കമ്പനിയെ മുന്നോട്ട് നയിക്കുമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."