ബിനാലെയ്‌ക്കെത്തിയ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; മുംബൈ സ്വദേശി പിടിയില്‍
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയ്ക്ക് എത്തിയ വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. തായ് വാന്‍ സ്വദേശിനി നല്‍കിയ പരാതിയില്‍ നവി മുംബൈ സ്വദേശി സുമിത് കട്ടാരെ എന്നയാള്‍ക്കെതിരേ കേസെടുത്തു. ജനുവരിയില്‍ ആണ് കേസിനാസ്പദമായ സംഭവം. ഫോര്‍ട്ട് കൊച്ചി പൊലിസ് ആണ് കേസെടുത്തിരിക്കുന്നത്.
ബിനാലെയുടെ പ്രധാനവേദിക്ക് മുമ്പില്‍ വെച്ചാണ് വിദേശ വനിതയെ സുമിത് പരിചയപ്പെടുന്നത്. പിന്നീട് മദ്യപാനത്തിനായി ഇവരെ ക്ഷണിച്ചെങ്കിലും വിദേശവനിത നിരസിച്ചു. പിന്നീട് ഹൗസ്‌ബോട്ടില്‍ കാഴ്ചകള്‍ കാണാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.
സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മടങ്ങിയ യുവതി, അവിടെ നിന്ന് ഇ-മെയില്‍ മുഖാന്തരമാണ് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലിസ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുകയായിരുന്നു.
യുവതി വിദേശത്തായതിനാല്‍ ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നതടക്കം സാങ്കേതിക ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ നയതന്ത്ര വൃത്തങ്ങള്‍ വഴി ഓണ്‍ലൈനായി മൊഴി എടുക്കാമോ എന്നതടക്കം പൊലിസ് പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."