അതിവേഗ റെയിലുമായി സംസ്ഥാന സർക്കാർ മുന്നോട്ട്; കേന്ദ്രത്തിന്‍റെ പിന്തുണ തേടി കേരളം
തിരുവനന്തപുരം: അതിവേഗ റെയിലായ ആർ.ആർ.ടി.എസുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. പദ്ധതിക്ക് സാധ്യതാപഠനത്തിനുള്ള സഹായംതേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടർക്ക് കത്തയച്ചു. പദ്ധതിക്കായുള്ള ചർച്ചകൾക്ക് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത് ഗതാഗത വകുപ്പിനെയാണ്. സാധ്യതാപഠനങ്ങൾ നടത്തുന്നതിനും കേരളത്തിനായി സമഗ്രമായ ആർ.ആർ.ടി.എസ് ചട്ടക്കൂട് വികസിപ്പിക്കുന്നതിനുമായി നാഷനൽ ക്യാപിറ്റൽ റീജ്യൻ ട്രാൻസ്‌പോർട്ട് കോർപറേഷനുമായി (എൻ.സി.ആർ.ടി.സി)മായി ചർച്ചകൾ സുഗമമാക്കുന്നതിന് പിന്തുണ വേണമെന്നും സംസ്ഥാന സർക്കാരുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ കൊച്ചിയിൽ നടന്ന അർബൻ കോൺക്ലേവിൽ ആർ.ആർ.ടി.എസ് പദ്ധതിക്കുള്ള നിർദേശം പരിഗണിക്കാൻ മന്ത്രാലയം തയാറാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും കത്തിലുണ്ട്. പദ്ധതി എങ്ങനെ കേരളത്തിന് ഗുണമാകുമെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ വന്ദേഭാരതുകളിൽ ഏറ്റവും കൂടുതൽ തിരക്കുള്ളത് തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിലാണെന്നും ഇത് യാത്രക്കാരുടെ അതിവേഗ പാതയുടെ ആവശ്യം വ്യക്തമാക്കുന്നതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലുള്ള പദ്ധതിയായാണ് ആർ.ആർ.ടി.എസ് വിഭാവനം ചെയ്തിരിക്കുന്നത്. ഡൽഹി- മീററ്റ് ആർ.ആർ.ടി.എസ് ഇടനാഴിയുടെ മാതൃകയും അതിന്റെ പ്രവർത്തനക്ഷമതയും പഠനവിധേയമാക്കിയ ശേഷമാണ് കേരളത്തിന് അനുയോജ്യമായ രീതിയിൽ ഇത് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. മെട്രോയും വിമാനത്താവളങ്ങളും കോർത്തിണക്കിയാണ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള മേഖലകൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ വലിയ സമ്മർദത്തിലാണ്. വർധിച്ചുവരുന്ന വാഹന സാന്ദ്രതയും ഗതാഗതക്കുരുക്കും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനായി അതിവേഗവും ഉയർന്ന ശേഷിയുള്ളതുമായ പൊതുഗതാഗത സംവിധാനം അത്യാവശ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
the state government moves forward with the high-speed rail r.r.t.s project. chief minister Pinarayi Vijayan has written to union urban affairs minister Manohar Lal Khattar seeking assistance for the feasibility study of the project.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."