അര്‍ധരാത്രിയിലെ കോരിച്ചൊരിയുന്ന മഴയത്തും അബൂദബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ തുറസ്സായ ആകാശത്തിന് കീഴില്‍ നിസ്‌കാരത്തില്‍ മുഴുകി വിശ്വാസികള്‍
അബൂദബി: അബൂദബിയിലെ പ്രശസ്തമായ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അര്‍ധരാത്രിയിലുണ്ടായ അപ്രതീക്ഷിത മഴ ഒട്ടും ബാധിച്ചില്ല. മഴയെ ഒരു തടസ്സമായി കാണുന്നതിന് പകരം ആത്മീയ അനുഗ്രഹമായി കരുതി പലരും പള്ളിയുടെ തുറസ്സായ മുറ്റത്ത് തന്നെ പ്രാര്‍ഥന തുടര്‍ന്നു.
പള്ളി അധികൃതര്‍ പെട്ടെന്നുതന്നെ പ്രവര്‍ത്തിച്ചു. രണ്ട് റക്അത്ത് നമസ്‌കാരം പൂര്‍ത്തിയാകുന്നതിനിടയില്‍ തന്നെ പള്ളിയിലെ ജീവനക്കാര്‍ മേല്‍ക്കൂരയുള്ള വരാന്തകളില്‍ പരവതാനികള്‍ വിരിച്ചു. ആശ്വാസം തേടുന്നവര്‍ക്ക് പെട്ടെന്ന് അവിടേക്ക് മാറാന്‍ ഇത് സൗകര്യമൊരുക്കി. ഇടവേളയില്‍ ചില സ്ത്രീകള്‍ ഇവിടേക്ക് മാറിയെങ്കിലും നൂറുകണക്കിന് ആളുകള്‍ പുറത്തുതന്നെ തുടരാനാണ് താല്‍പര്യപ്പെട്ടത്. അപ്രതീക്ഷിതമായി ലഭിച്ച ഈ മഴയത്ത് പ്രാര്‍ഥിക്കുന്നത് ആത്മീയ അനുഗ്രഹമായി അവര്‍ കണക്കാക്കി. പ്രാര്‍ഥന പകുതിയായപ്പോഴേക്കും മഴ വീണ്ടും ശക്തമായി. പലരും നനഞ്ഞെങ്കിലും ഭൂരിഭാഗം പേരും അവിടെത്തന്നെ തുടര്‍ന്നു.
'ഇത് വളരെ മനോഹരമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ലഭിച്ച മികച്ച ആത്മീയ അനുഭവമായിരുന്നു ഇത്,' ഇവന്റ്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായ ദാലിയ സൂഫിയാന്‍ പറഞ്ഞു. 'നിസ്‌കാരത്തിന് മുമ്പ് മഴ ചാറുകയും ശക്തമായ കാറ്റ് വീശുകയും ചെയ്തപ്പോള്‍ സ്ത്രീകളുടെ നോര്‍ത്ത് പ്രെയര്‍ ഹാളിന് പുറത്തുള്ള മേല്‍ക്കൂരയുള്ള ഭാഗത്താണ് ഞാന്‍ നിന്നത്. എന്നാല്‍ സുഹൃത്ത് എത്തിയതോടെ തുറസ്സായ മുറ്റത്ത് നിന്ന് പ്രാര്‍ഥിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. തുടക്കത്തില്‍ എനിക്ക് അസുഖം വരുമോ എന്ന ആശങ്കയുണ്ടായിരുന്നു, എങ്കിലും സുഹൃത്തിനൊപ്പം കൂടാന്‍ ഞാന്‍ തീരുമാനിച്ചു. പ്രാര്‍ഥന തുടങ്ങുന്നതിന് തൊട്ടുമുമ്പ് മഴ നില്‍ക്കുകയും ചെയ്തു. മഴ പെയ്യുമ്പോള്‍ ദുആക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. റമദാനിലെ അവസാന ദിനങ്ങളിലെ രാത്രി നമസ്‌കാരവും, തുറസ്സായ ആകാശത്തിന് കീഴില്‍ പെയ്യുന്ന മഴയും കൂടിയായപ്പോള്‍ അതൊരു വലിയ ആത്മീയ അനുഗ്രഹമായി അനുഭവപ്പെട്ടു,- ദാലിയ കൂട്ടിച്ചേര്‍ത്തു.
വിത്ര്‍ നമസ്‌കാരത്തിന്റെ അവസാന റക്അത്തില്‍ ഇമാം ദുആ ആരംഭിച്ചപ്പോള്‍ മറ്റൊരു നാടകീയ നിമിഷവും അരങ്ങേറി. അവസാന ദുആക്കിടെ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുകയും ആകാശത്ത് ശക്തമായ ശബ്ദം കേള്‍ക്കുകയും ചെയ്തു. ഞങ്ങള്‍ വലിയ ശബ്ദം കേട്ടെങ്കിലും ആരും അവിടെ നിന്ന് മാറിയില്ല. എല്ലാവരും ദുആയില്‍ തന്നെ മുഴുകി. രാജ്യത്തെയും സൈനികരെയും കാത്തുരക്ഷിക്കാനായി വളരെ മനോഹരമായാണ് ഇമാം പ്രാര്‍ഥിച്ചതെന്നും അവര്‍ പറഞ്ഞു.
ഈ ആഴ്ച യുഎഇയില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് അബുദാബിയിലും മഴ ലഭിച്ചത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എന്‍സിഎം) റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 9 മുതല്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍, തീരദേശ മേഖലകളില്‍ മേഘാവൃതമായ അന്തരീക്ഷവും മഴയ്ക്കുള്ള സാധ്യതയുമുണ്ട്. അബുദാബി, ഫുജൈറ എന്നിവിടങ്ങളില്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 10 മുതല്‍ വിവിധ പ്രദേശങ്ങളില്‍ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവും മഴയും ഉണ്ടാകുമെന്നും അധികൃതര്‍ പ്രവചിച്ചിരുന്നു. മാര്‍ച്ച് 15 വരെ ഈ അസ്ഥിര കാലാവസ്ഥ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മഴയുണ്ടായിരുന്നിട്ടും തലസ്ഥാനത്തെ റമദാന്‍ പ്രാര്‍ഥനകള്‍ തടസ്സമില്ലാതെ തുടര്‍ന്നു. പ്രത്യേകിച്ച്, റമദാനിലെ അവസാന രാത്രികളില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്ന ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദില്‍ പ്രാര്‍ഥനകള്‍ പതിവുപോലെ നടന്നു.
English Summary: Asudden midnight downpour did little to move thousands of worshippers gathered at the iconic Sheikh Zayed Grand Mosque in Abu Dhabi, as many chose to continue praying under the open sky in the outdoor courtyards of the mosque during late-night Ramadan prayers — seeing the rainfall as a spiritual blessing rather than a disruption.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."