ഇഖാമ-തൊഴിൽ നിയമലംഘനം; സഊദിയിൽ വൻ പരിശോധന, ഒരാഴ്ചയ്ക്കിടെ 22,931 പേർ പിടിയിൽ
റിയാദ്: രാജ്യത്ത് താമസം, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനായി നടത്തിയ വ്യാപക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 22,931 പേർ. ഈ വർഷം മാർച്ച് 12 മുതൽ 18 വരെയുള്ള കാലയളവിൽ നടത്തിയ ഫീൽഡ് കാംപയിനിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇഖാമ നിയമലംഘനം നടത്തിയ 17,181 പേരും അതിർത്തി സുരക്ഷാ നിയമലംഘനം നടത്തിയ 3,931 പേരും, തൊഴിൽ നിയമലംഘനം നടത്തിയ 1,819 പേരും, അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,635 പേരുമാണ് പിടിയിലായത്. ഇതിൽ 68% പേർ എത്യോപ്യക്കാരും, 29% പേർ യമനികളും, 3% മറ്റ് രാജ്യക്കാരുമാണ്.
നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 40 പേരെയും അധികൃതർ പിടികൂടിയിട്ടുണ്ട്. ഇതിൽ 29,564 പ്രവാസികൾ (26,714 പുരുഷന്മാരും 2,850 സ്ത്രീകളും) നിയമനടപടികൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ്. നിയമലംഘകർക്ക് താമസസൗകര്യം ഒരുക്കുകയോ, ജോലി നൽകുകയോ, യാത്രാസൗകര്യം നൽകുകയോ ചെയ്ത 36 പേരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
നാടുകടത്താൻ 21,133 പേരെ യാത്രാരേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. 3,285 പേരെ ടിക്കറ്റ് ബുക്കിങ് നടപടികൾക്കായി മാറ്റി. 7,761 പേരെ നാടുകടത്തി കഴിഞ്ഞു. നിയമലംഘകർക്ക് ഏതെങ്കിലും തരത്തിൽ സഹായം നൽകിയാൽ അവർക്കെതിരെ കടുത്ത ശിക്ഷ ചുമത്തുമെന്ന് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. ഇവർക്ക് 15 വർഷം വരെ തടവും, 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാം. ഇവർ ഉപയോഗിച്ച വാഹനങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുകയും പേരുവിവരങ്ങൾ പരസ്യപ്പെടുത്തുകയും ചെയ്യും.
നിയമലംഘനങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവരാണെങ്കിൽ 911 എന്ന നമ്പറിലും, മറ്റ് പ്രവിശ്യകളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിളിച്ച് വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Saudi authorities arrested 22,931 individuals for residency, labor, and border security violations in a one-week nationwide crackdown. Over 7,000 violators were deported, with officials warning of 15-year jail terms for those aiding illegal expats.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."