പെരുന്നാളിനോടനുബന്ധിച്ചു വിദേശികള്‍ അയച്ച പണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി
റിയാദ്: പെരുനാളിനോടനുബന്ധിച്ചു വിദേശികള്‍ യു.എ.ഇയില്‍ നിന്നും വിദേശരാജ്യങ്ങളിലേക്ക് അയച്ച പണത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. വിദേശ കറന്‍സികളിലെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസമാണു പണമയക്കുന്നതിലെ കുതിപ്പിനു കാരണം. യു.എ.ഇയില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് അയച്ച പണമിടപാടില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതു ഇന്ത്യയാണ്. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ പണമൊഴുകിയത് കേരളത്തിലേക്കാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ പ്രമുഖ റെമിറ്റന്‍സ് ബാങ്ക് മേധാവിയെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ വ്യക്തമാക്കിയത്.
രാജ്യത്തു നിന്നും വിദേശത്തേക്ക് പണമയക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും മുന്നിലാണ് ഇന്ത്യ. പെരുന്നാളിനോടനുബന്ധിച്ചു പണം പുറത്തേക്കൊഴുകിയതില്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍-അറബ് രാജ്യങ്ങളിലേക്കാണ്. പെരുന്നാളിനോടനുബന്ധിച്ചു കഴിഞ്ഞ മാസത്തെ പ്രതിമാസ വേതനം നേരത്തെ ലഭിച്ചതും വീടുകളിലേക്ക് പണമയക്കുന്നതിനു കാരണമായി.
14.9 ബില്യണ്‍ ദിര്‍ഹമാണു ഇന്ത്യയിലെ വിവിധ ധനവിനിയമസ്ഥാപനങ്ങളിലേക്ക് എത്തിയത്. ആദ്യപാദത്തെ അപേക്ഷിച്ചു 1.7 ബില്യണ്‍ ദിര്‍ഹമിന്റെ വര്‍ധന രണ്ടാം പാദത്തിലുണ്ടായത്. ഇക്കൊല്ലം ആദ്യ പാദത്തില്‍ 13.2 ബില്യണ്‍ ദിര്‍ഹമാണു ഇന്തൃക്കാര്‍ അയച്ചതെങ്കില്‍ രണ്ടാം പാദമായപ്പോഴേക്കും ഇതു 14.9 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. പാകിസ്താനിലെ ധനവിനിയമ സ്ഥാപനങ്ങളിലെത്തിയ തോതും കൂടിയിട്ടുണ്ട്. ഈജിപ്തിലേക്കു ആദ്യപാദത്തില്‍ 1.3 ബില്യണ്‍ ദിര്‍ഹമാണു അയച്ചതെങ്കില്‍ ഇപ്പോഴതു 1.7 ബില്യണ്‍ ആയി വര്‍ധിച്ചു. ജോര്‍ദാനിലേക്കു 441 മില്യണ്‍ ദിര്‍ഹമാണു ആദ്യപാദത്തില്‍ ഒഴുകിയത്. രണ്ടാം പാദമായപ്പോഴേക്കും ഇതു 688 ആയി ഉയര്‍ന്നു. ഇക്കൊല്ലം ആദ്യഘട്ടത്തില്‍ മൊറോക്കോയിലേക്കു 383 മില്യണിന്റെ വിനിമയം നടന്നപ്പോള്‍ ഇപ്പോഴതു 520 ദശലക്ഷം ദിര്‍ഹം വരേ ആയതായി ധനവിനിയമ മേഖലയിലെ വിദഗ്ധര്‍ വെളിപ്പെടുത്തി.
വിനിമയ നിരക്കില്‍ വന്‍ വര്‍ധനവ് ലഭിക്കുന്നതും തൊഴില്‍ രാജ്യങ്ങളില്‍ നിന്നും സ്വദേശങ്ങളിലേക്ക് പണമയക്കുന്നത് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. വിദേശ വിനിമയ നിരക്ക് ഇപ്പോള്‍ നല്ല നിലയിലാണ് വിദേശികള്‍ക്ക് അനുഭവപ്പെടുന്നത്. യു.എ.ഇയെ കൂടാതെ മറ്റു ജി.സി.സി രാജ്യങ്ങളിലും വിദേശവിനിമയ നിരക്ക് വിദേശികള്‍ക്ക് ആശ്വാസകരമായ നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."