'ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ' കൊച്ചി ബിനാലെക്ക് തല വാചകമായി
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ കാഴ്ചപ്പാട് പുറത്തു വിട്ടു. 'ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ'എന്നതായിരിക്കും ബിനാലെയുടെ'തലക്കെട്ട്. ഇന്ത്യ എന്നാല്‍ ഏഴു നദികളുടെ നാടാണെന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കിയാണ് ക്യൂറേറ്റര്‍ കാഴ്ചപ്പാട് സുദര്‍ശന്‍ ഷെട്ടി തയാറാക്കിയിരിക്കുന്നത്. നദികളുടെ ഒഴുക്ക് കൂടിച്ചേരല്‍ കൈവഴികളായുള്ള പിരിയല്‍ പ്രമേയത്തിന്റെ ഭാഗമാണ്.
ഇതില്‍നിന്ന് ലഭിക്കുന്ന അറിവിന്റെ തലങ്ങളെ അന്വേഷിക്കുന്നതായിരിക്കും പ്രദര്‍ശനത്തിന്റെ കാതല്‍.ഡിസംബര്‍ 12 മുതല്‍ 108 ദിവസങ്ങളിലായി ആസ്വാദകര്‍ക്ക് മുന്നിലെത്തുന്ന ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടികയും അധികൃതര്‍ പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായാണ് ബിനാലെ വേദികള്‍ സജ്ജീകരിക്കുന്നത്.
പ്രദര്‍ശനങ്ങള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, വിദ്യാര്‍ഥി ബിനാലെ, കുട്ടികളുടെ കലാസൃഷ്ടി, പഠന കളരികള്‍, ചലച്ചിത്ര പ്രദര്‍ശനം, സംഗീതപരിപാടി തുടങ്ങി ഒട്ടേറെ അനുബന്ധങ്ങളുമുണ്ടാകും.
പാരമ്പര്യത്തെക്കുറിച്ചും സമൂഹത്തെക്കുറിച്ചും സമകാലീനതയെക്കുറിച്ചും സന്ദേഹങ്ങള്‍ ഉളവാക്കുന്നതായിരിക്കും ബിനാലെയിലെ സൃഷ്ടികള്‍. നദിയെപോലെ ഒഴുകുന്ന ആശയങ്ങളാകണം കലാസൃഷ്ടികള്‍.
പ്രദര്‍ശനം കഴിഞ്ഞും സൃഷ്ടികള്‍ ഒഴുക്കു തുടരുമെന്ന് സുദര്‍ശന്‍ഷെട്ടി പറയുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ഹൗസായിരിക്കും പ്രധാന വേദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."