പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി
ബ്യൂണസ് അയേഴ്സ്: പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ നിയന്ത്രണം ഏൽപ്പിച്ച് പരിശീലകൻ വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി. അർജന്റീനയിലെ കോർഡോബ പ്രവിശ്യയ്ക്ക് സമീപമുള്ള കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ ജൂലൈ നാലിനാണ് സംഭവം നടന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ് സ്കൂളിലെ പരിശീലകനായ ലിയാൻഡ്രോ ബെർട്ടാസോ (42) ആണ് സെസ്‌ന സി-150 പരിശീലന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
ഒപ്പമുണ്ടായിരുന്ന 22കാരിയായ വിദ്യാർഥിനി റൊസാരിയോ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ‘എന്ത് ചെയ്യണമെന്ന് നിനക്കറിയാം... മുന്നോട്ട് പൊയ്ക്കോളൂ’ എന്ന് വിദ്യാർഥിനിയോട് നിർദേശിച്ച ശേഷമാണ് ലിയാൻഡ്രോ വിമാനത്തിൽ നിന്ന് ചാടിയത്. അതിനു മുൻപ് ലിയാൻഡ്രോ ഹെഡ്‌സെറ്റ് മാറ്റിവെക്കുകയും മൊബൈൽ ഫോണും മറ്റ് സാധനങ്ങളും സുരക്ഷിതമായി വെക്കുകയും സീറ്റ് ബെൽറ്റ് അഴിക്കുകയും ചെയ്‌തെന്നും തുടർന്ന് കോക്‌പിറ്റിന്റെ വാതിൽ തുറന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ആദ്യം പരിഭ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഒറ്റയ്ക്കായ വിദ്യാർഥിനി സമചിത്തത വീണ്ടെടുത്ത് പരിശീലനത്തിലെ പരിചയം ഉപയോഗിച്ച് വിമാനം തിരികെ കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിലെ റൺവേയിൽ സുരക്ഷിതമായി ഇറക്കിയെന്ന് അധികൃതർ വ്യക്തമാക്കി. ‘മാനസികാഘാതത്തിലായിരുന്നെങ്കിലും അസാധാരണമായ പ്രഫഷനലിസമാണ് അവൾ പ്രകടിപ്പിച്ചത്. ലാൻഡിങ് പൂർണമായും കൃത്യമായിരുന്നു’– ഫ്ലൈറ്റ് സ്കൂൾ ഡയറക്ടർ എഡ്വാർഡോ അൽവാരസ് പറഞ്ഞു.
വിദ്യാർഥിനി അറിയിച്ച സ്ഥലത്ത് നടത്തിയ തിരച്ചിലിൽ സമീപത്തെ വയലിൽ നിന്ന് ലിയാൻഡ്രോ ബെർട്ടാസോയുടെ മൃതദേഹവും കണ്ടെത്തി. അടുത്തകാലത്തായി ലിയാൻഡ്രോ കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുകയായിരുന്നുവെന്ന് പിതാവ് അറിയിച്ചതായി അൽവാരസ് വ്യക്തമാക്കി. സംഭവത്തിന് ഒരാഴ്ച മുൻപ് അദ്ദേഹം മാനസികാരോഗ്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയും തേടിയിരുന്നുവെന്നും കുടുംബം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. അവിവാഹിതനായിരുന്ന ലിയാൻഡ്രോ ബെർട്ടാസോ മാതാപിതാക്കൾക്കൊപ്പമാണ് കോർഡോബ നഗരത്തിൽ താമസിച്ചിരുന്നത്.
ലിയാൻഡ്രോ മികച്ച പ്രഫഷനലായിരുന്നെന്നും വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപകൻ ആയിരുന്നെന്നും എപ്പോഴും ചിരിച്ച മുഖവും ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും ഉണ്ടായിരുന്ന ആളായിരുന്നെന്നും സഹപ്രവർത്തകർ പറയുന്നു. സംഭവദിവസം രാവിലെ മറ്റൊരു വിദ്യാർഥിയെയും പരിശീലിപ്പിച്ച ശേഷമാണ് ലിയാൻഡ്രോ ബെർട്ടാസോ റൊസാരിയോക്കൊപ്പം പറന്നുയർന്നത്. ചെറിയ പരിശീലന വിമാനത്തിന്റെ വാതിൽ വായുവിന്റെ സമ്മർദത്തിൽ തുറക്കുക പോലും ദുഷ്കരമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."