ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജിക്കാര്യത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം ഇന്നറിയാം. സിജെപി പ്രതിനിധികളുമായി സര്‍ക്കാറിന്റെ ചര്‍ച്ച് ഇന്ന് വൈകീട്ട് നടക്കും. അതേസമയം രാജിയില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സിജെപി വ്യക്തമാക്കി.
ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങള്‍ ആരംഭിക്കുമെന്നും അശുതോഷ് റാങ്ക പറഞ്ഞു.
ഇന്നലെ ജന്തര്‍മന്തറിലെ സമരക്കാരുടെ പ്രതിനിധികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുമായി കേന്ദ്ര മന്ത്രിമാരായ ജിതേന്ദ്ര സിങ്, ജെ.പി നദ്ദ എന്നിവര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രിയുടെ രാജി ആവശ്യത്തില്‍ ഇന്നു തീരുമാനമെടുക്കാമെന്നാണ് അറിയിച്ചത്.
അതേസമയം സിജെപിയുടെ രണ്ട് ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇന്നലെ അംഗീകരിച്ചിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പാര്‍ലമെന്റ് മാര്‍ച്ചിന്റെ പേരില്‍ യുവാക്കള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങളിലാണ് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് ഉച്ചവരെ സമയം വേണമെന്നാണ് കേന്ദ്രം അറിയിച്ചത്.
ഇന്നലെ രണ്ട് മണിക്കൂറോളമാണ് മന്ത്രിമാര്‍ സമരക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. തങ്ങളുടെ മൂന്ന് ആവശ്യങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നായിരുന്നു ഇരുവരും മന്ത്രിമാരെ അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരേ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഭാവിയില്‍ ആരെയും ലക്ഷ്യം വയ്ക്കില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലമുള്ള ഉറപ്പ് നല്‍കണമെന്നു കൂടി ആവശ്യപ്പെട്ടതായും സൗരവ് പറഞ്ഞു.
കടുത്ത നിയന്ത്രണം തുടരുന്നു
സമരം തുടരുന്ന രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റ് നിയന്ത്രണവും യാത്രാ നിയന്ത്രണവും തുടരുന്നു.ഇന്നലെയും സെന്‍ട്രല്‍ ഡല്‍ഹിയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിശ്ചലമായതിനു പുറമെ അടച്ചിട്ട മെട്രോ സ്റ്റേഷനുകളുടെ എണ്ണം 16ല്‍ നിന്ന് 18 ആയി ഉയര്‍ത്തി.പല സ്റ്റേഷനുകളിലും പിന്നീട് ഭാഗികമായി തുറന്നതായി ഡല്‍ഹി മെട്രോ അവകാശപ്പെടുന്നുണ്ടെങ്കിലും പൊലിസ് തുറക്കാന്‍ അനുവദിച്ചിട്ടില്ല. ചില സ്റ്റേഷനുകളില്‍ പരിമിത ഗേറ്റുകള്‍ മാത്രമാണ് തുറന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."