ചരിത്രശേഷിപ്പുകള്‍ തേടിയുള്ള യാത്രയില്‍ ഹാജിമാര്‍
ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകര്‍ ഇസ്‌ലാമിക ചരിത്രശേഷിപ്പുകള്‍ തേടിയുള്ള യാത്രയില്‍. മക്ക, മദീന, ജിദ്ദ, ത്വാഇഫ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഹാജിമാര്‍ സന്ദര്‍ശനം നടത്തുന്നത്. ഹജ്ജ് സീസണ്‍ തുടങ്ങിയതുമുതല്‍ വിവിധ ചരിത്രശേഷിപ്പുകളില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഹജ്ജിനുശേഷം ഇത് ഇരട്ടിയായതായി ചരിത്രശേഷിപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദിവസവും ബസുകളിലും ചെറുവാഹനങ്ങളിലുമായി നൂറുകണക്കിന് തീര്‍ഥാടകരാണ് ഇത്തരം കേന്ദ്രങ്ങളിലെത്തുന്നത്.
മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് ഏറെയെത്തുന്നത്.
മക്കയിലെ ജന്നത്തുല്‍ മുഅല്ല, ഖദീജാ ബീവി(റ) യുടെ വീട്, മുഹമ്മദ് നബി(സ) ജനിച്ച വീട്, ഹിറാ ഗുഹ, സൗര്‍ ഗുഹ തുടങ്ങിയ പ്രദേശങ്ങളിലാണ് തീര്‍ഥാടകരെത്തുന്നത്. ത്വാഇഫിലെ പൗരാണികതയുടെയും ഇസ്‌ലാമിക ചിരിത്രത്തിന്റെ പ്രൗഢിയും അടയാളപ്പെടുത്തുന്ന സൂഖ്ബലദിന് സമീപമുള്ള ഇബ്‌നു അബ്ബാസ് മസ്ജിദ് സന്ദര്‍ശിക്കുന്നതിനാണ് തീര്‍ഥാടകരില്‍ അധികവും പ്രാമുഖ്യം നല്‍കുന്നത്. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവ് എന്ന് അര്‍ഥം വരുന്ന റഈസുല്‍ മുഫസ്സിരീന്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ട പ്രമുഖ സ്വഹാബി അബ്ദുല്ലാ ബിന്‍ അബ്ബാസ് പ്രവാചകന്റെ വിയോഗാനന്തരം ശിഷ്ടകാലം ത്വാഇഫിലാണ് കഴിച്ചുകൂട്ടിയിരുന്നത്. ഈ മസ്ജിദിനോട് ചേര്‍ന്ന് പ്രശസ്തമായ ലൈബ്രറിയുമുണ്ട്. ഇവിടെ എത്തുന്ന തീര്‍ഥാടകര്‍ക്കെല്ലാം ചരിത്രങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇതിനുപുറമെ ത്വാഇഫിലുള്ള മറ്റു ചരിത്രപ്രസിദ്ധമായ മസ്ജിദ് അല്‍കൂഹ്, മസ്ജിദ് അല്‍ മദ്ഹൂന്‍ എന്നിവിടങ്ങളിലും സന്ദര്‍ശകരെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."