കടമേരിയില്‍ തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുന്നു; അധികൃതര്‍ക്ക് നിസംഗതയെന്ന് ആരോപണം
കടമേരി: ആയഞ്ചേരി പ്രൈമറി ഹെല്‍ത്ത് സെന്ററിനു സമീപം തണ്ണീര്‍ത്തടം മണ്ണിട്ടു നികത്തല്‍ വ്യാപകം. വില്ലേജ് ഓഫിസിലും പഞ്ചായത്തിലും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നു പരിസരവാസികള്‍ ആരോപിക്കുന്നു.
ഇടതുപക്ഷ പിന്തുണയോടെ പ്രദേശത്തെ ഉന്നത കെ.എസ്.കെ.ടി.യു നേതാവിന്റെ സഹോദരനാണു മണ്ണിട്ടു നികത്തുന്നതിനു നേതൃത്വം നല്‍കുന്നത്. ആരോഗ്യകേന്ദ്രത്തിനു സമീപത്തെ ഈ വിശാലമായ വെള്ളക്കെട്ടാണു പ്രദേശത്തിന്റെ പ്രധാന കുടിവെള്ള സ്രോതസ്. വേനല്‍ക്കാലത്തുപോലും സമീപ പ്രദേശത്തെ കിണറുകളില്‍ വെള്ളം നിലനിര്‍ത്തുന്നതില്‍ ഏറെ സഹായകമാണ് ഈ ചിറ. ഘട്ടംഘട്ടമായി നടത്തിയ മണ്ണിട്ടു നികത്തി ചിറയുടെ ഭൂരിഭാഗം ഭാഗവും ഇപ്പോള്‍ മൂടിയിട്ടുണ്ട്.പ്രദേശത്തും പരിസരങ്ങളിലും വീടു നിര്‍മാണത്തിനായി മണ്ണു കൊണ്ടുവരുന്ന ടിപ്പര്‍ ലോറികളെയും മറ്റും ഈ നേതാവിന്റെ നേതൃത്വത്തില്‍ നിരവധി തവണ തടയുകയും അതിനെതിരേ ജനകീയ സമരപരിപാടികള്‍ സംഘടിപ്പിച്ചതായും നാട്ടുകാര്‍ പറയുന്നു.
ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ ഏതാനും വാര അകലത്തില്‍ മാത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തു പരാതി ലഭിച്ചിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ട്. അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമര പരിപാടിയുമായി മുന്നോട്ടുപോകുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."