നെല്‍വയല്‍ സംരക്ഷണ ഭേദഗതി; ജില്ലയിലെ അപേക്ഷകര്‍ക്ക് തിരിച്ചടിയാകും
മാനന്തവാടി: കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ജില്ലയിലെ ഏഴായിരത്തോളം അപേക്ഷകരുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി. സംസ്ഥാനത്തു നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്ന 2008 ഓഗസ്റ്റ് 12ന് മുന്‍പു നികത്തിയ വയലുകളാണെന്നു കാണിച്ച് ഇവയുടെ രേഖകളില്‍ കരഭൂമിയായി മാറ്റുന്നതിനുള്ള നടപടികള്‍ക്കായാണ് ജില്ലയില്‍ ഇത്രയും പേര്‍ അപേക്ഷ നല്‍കിയത്. 2015 ഡിസംബറിലാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. വില്ലേജ് രേഖകളില്‍ നിലം എന്നു രേഖപ്പെടുത്തിയ ഏതു ഭൂമിയും കരഭൂമിയാക്കാന്‍ വേണ്ടിയായിരുന്നു ഗുണഭോക്താക്കളില്‍ നിന്നും പ്രദേശത്തെ ഭൂമിയുടെ വിലയുടെ 25 ശതമാനം തുക ഈടാക്കിയത്.
എന്നാല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്‍ കീഴില്‍ തയാറാക്കിയ ഡാറ്റാബാങ്കില്‍ നെല്‍വയലെന്നോ തണ്ണീര്‍തടമെന്നോ രേഖപ്പെടുത്തിയ വസ്തുക്കള്‍ ഒരുകാരണവശാലും റെഗുലൈസ് ചെയ്യരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ജില്ലയില്‍ വിരലിലെണ്ണാവുന്ന ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണ് ഡാറ്റാബാങ്ക് തയാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതു പരാതികള്‍ പരിഹരിക്കപ്പെട്ടവയുമല്ല. ഈ സാഹചര്യത്തില്‍ ഡാറ്റാബാങ്കില്‍ നെല്‍വയലെന്നോ തണ്ണീര്‍ത്തടമെന്നോ ഉള്‍പ്പെട്ടവര്‍ പോലും വയലുകള്‍ തരംതിരിക്കുന്നതിനായി അപേക്ഷ നല്‍കിയിരുന്നു.
ഈയടുത്തു വരെ ജില്ലയില്‍ വ്യാപകമായിരുന്ന റിയല്‍ എസ്റ്റേറ്റ് ലോബികള്‍ വയലുകള്‍ നികത്തി ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്താന്‍ സ്വാധീനങ്ങള്‍ ഉപയോഗപ്പെടുത്തിയതായും ആക്ഷേമുണ്ടായിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ നിയമഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതിലൂടെ 2008ന് മുന്‍പു നികത്തപ്പെട്ടതും നിലവില്‍ ഒരുവിധത്തിലും നെല്‍കൃഷിക്കോ തണ്ണീര്‍ത്തടമായോ പ്രയോജനപ്പെടുത്താന്‍ കഴിയാത്തുമായ തരിശിട്ടിരിക്കുന്ന ചെറുകിട കര്‍ഷകാരാണ് പ്രതിസന്ധിയിലായത്. ഭൂമി കൃഷിക്കു ഉപയോഗിക്കാന്‍ കഴിയാതെയും രേഖകളില്‍ നിലം എന്നു കാണിക്കുകയും ചെയ്തതിനാല്‍ ഇവിടങ്ങളില്‍ മണ്ണ് നിക്ഷേപിക്കാനോ വീടുള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണത്തിനോ സാധ്യമല്ല.
ഉദ്യോഗസ്ഥ ഭരണ സ്വാധീനമുള്ള വന്‍കിടക്കാര്‍ ഇത്തരം കാര്യങ്ങള്‍ യഥേഷ്ടം ചെയ്യുമ്പോള്‍ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അഞ്ചു സെന്റില്‍ വീട് വയ്ക്കാന്‍ പോലും അപേക്ഷകളുമായി ഓഫിസുകള്‍ കയറയ്യിറങ്ങേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരമാകുമെന്ന കരുതിയ നിയമമാണ് ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ ഭേദഗതി ചെയ്യുന്നത്. ഇതോടെ രേഖകള്‍ ശരിയായിക്കിട്ടുമെന്ന് പ്രതീക്ഷിച്ച് 500 രൂപ ഫീസ് അടച്ചു സ്ഥലത്തിന്റെ ഫോട്ടോകള്‍, ഉടമസ്ഥാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, നിരവധി ഫോട്ടോസ്റ്റാറ്റുകള്‍ എന്നിവയോടെ പത്തു മാസം മുന്‍പു അപേക്ഷ നല്‍കിയ യഥാര്‍ഥ ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ നീക്കം തിരിച്ചടിയായിരിക്കുന്നത്. ഫീസിനത്തില്‍ മാത്രം 35 ലക്ഷത്തോളം രൂപയാണ് സര്‍ക്കാരിന് അപേക്ഷയോടൊപ്പം ജില്ലയില്‍ നിന്നും ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."