കേരളം ഭീതിയുടെ സ്വന്തംനാട്
ഏതുനേരത്തും തെരുവുപട്ടികളാല്‍ ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് കേരളത്തില്‍ ഓരോരുത്തരും. അടുത്തകാലത്തായി പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിച്ചുവരുന്നതായാണു വാര്‍ത്ത.
കോഴിക്കോട്ടെ ഫറോക്കില്‍ പേവിഷബാധയേറ്റ് തമിഴ്‌സ്ത്രീ മരിച്ചതു രണ്ടാഴ്ചമുന്‍പാണ്. മാവേലിക്കരയില്‍ തെരുവുനായയുടെ കടിയേറ്റു ചികിത്സയിലായിരുന്ന മൈസൂരു സ്വദേശിനി മരിച്ചത് അടുത്തദിവസമാണ്. പൊതുനിരത്തുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വീട്ടുവളപ്പുകള്‍ എന്നുതുടങ്ങി കോടതിവളപ്പും പൊലിസ് സ്റ്റേഷന്‍പോലും സുരക്ഷിതമല്ലെന്ന അവസ്ഥ വന്നിരിക്കുന്നു.
മനുഷ്യരുടെ പതിന്മടങ്ങ് പൂച്ചകളും കോഴികളും താറാവുകളും കാലികളും തെരുവുനായ്ക്കളാല്‍ നിത്യേന വേട്ടയാടപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ പ്രധാന സാമൂഹ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു തെരുവുനായ്ക്കളും, പേവിഷബാധയും.
അനുഭവിക്കുന്നവനും കണ്ടുനില്‍ക്കുന്നവര്‍ക്കും ഏറെ ഭീതിതമാണ് പേയിളകല്‍. ലോകത്ത് പ്രതിവര്‍ഷം ശരാശരി 55,000 പേവിഷബാധാ മരണങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്യപ്പെടുന്നുണ്ട്. ഇതില്‍ ഏറ്റവുംകൂടുതല്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണു സംഭവിക്കുന്നത്. ഏഷ്യയില്‍ ഒന്നാംസ്ഥാനത്ത് ഇന്ത്യ തന്നെ. ഏഷ്യയില്‍ പ്രതിവര്‍ഷമുണ്ടാകുന്ന 31,000 പേവിഷമരണങ്ങളില്‍ ഇരുപതിനായിരവും ഇന്ത്യയിലാണ്. മരണത്തില്‍ കുറവ് ഇസ്‌റായേലില്‍. അവിടെ അവസാനമായി പേവിഷബാധാ മരണം റിപ്പോര്‍ട്ട് ചെയ്തത് 2003 ലാണ്.
രാജ്യത്ത് പ്രതിവര്‍ഷം 2800 കോടി രൂപയുടെ പേവിഷ വാക്‌സിന്‍ വില്‍പന നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സ്വകാര്യമേഖലയിലെ വില്‍പ്പനക്കണക്കുകള്‍ വ്യക്തമല്ല. അതുകൂടി ഉള്‍പ്പെടുത്തിയാല്‍ 8000 കോടി രൂപയോളം വരും. കേരളത്തില്‍ സര്‍ക്കാര്‍തലത്തിലെ കണക്കുതന്നെ പന്ത്രണ്ടുകോടിയിലേറെയാണ്.
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വവ്വാലുകളാണു രോഗവാഹകരെങ്കില്‍ ഇന്ത്യയില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് വംബയര്‍ വവ്വാല്‍, കുറുക്കന്‍, കുരങ്ങ് എന്നിവയിലാണ്. കേരളത്തില്‍ കുറുക്കനിലെ വൈറസ് തെരുവുനായ്ക്കളിലൂടെ മറ്റുള്ളവയിലേയ്ക്കു വ്യാപിക്കാനിടയാവുന്നു. പേപ്പട്ടികളുടെ ഉമിനീരില്‍നിന്നു ലക്ഷക്കണക്കിനു രോഗാണുക്കള്‍ കടിയേറ്റഭാഗത്ത് പ്രവേശിക്കുകയും അയാളുടെ പ്രതിരോധ ശേഷിയനുസരിച്ച് വൈറസ് നാഡി, ഞരമ്പുകള്‍വഴി തലച്ചോര്‍ ലക്ഷ്യമാക്കി നീങ്ങുകയുംചെയ്യും.
ലളിതമായ ചികിത്സാരീതികള്‍ പ്രാഥമികഘട്ടത്തില്‍ വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നു. കടിയേറ്റയുടനെ സോപ്പ് ഉപയോഗിച്ച് പതിനഞ്ച് മിനുട്ട് സമയം വെള്ളമൊഴിച്ചു കഴുകണം. വൃത്തിയുള്ള തുണി ഉപയോഗിച്ചു തുടച്ച് അണുനാശിനിപോലുള്ള ദ്രാവകങ്ങള്‍ പുരട്ടി അണുവ്യാപനം തടയാനും നിര്‍ദേശിക്കുന്നുണ്ട്. തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം. വളര്‍ത്തുപൂച്ചകളുടെ നഖക്ഷതമേറ്റാല്‍പ്പോലും പ്രതിരോധ കുത്തിവയ്പ്പു നടത്തണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.
തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ആവശ്യത്തിനു പ്രതിരോധമരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. സര്‍ക്കാരാശുപത്രികളില്‍ സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ ഒരു കോഴ്‌സെടുക്കാന്‍ സ്വകാര്യകേന്ദ്രങ്ങളില്‍ 950 മുതല്‍ 1400 രൂപവരെ ഈടാക്കുന്നുണ്ട്.
സംസ്ഥാനത്ത് തെരുവുനായ്ക്കളുടെയും വളര്‍ത്തുനായ്ക്കളുടെയും കണക്കെടുപ്പില്‍ ഇരുട്ടില്‍ത്തപ്പുകയാണ് അധികൃതര്‍. മൃഗസംരക്ഷണവകുപ്പ് 2012ല്‍ അവസാനമായി എടുത്ത തെരുവുപട്ടികളുടെ എണ്ണം 2,68,994ആണ്. പ്രഹസനംകണക്കേ എടുക്കുന്ന കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ നാലോ അഞ്ചോ വര്‍ഷം എടുക്കുന്നതുകൊണ്ടും പട്ടികള്‍ പെറ്റുപെരുകുന്നതിനാലും എടുത്തകണക്കും യഥാര്‍ഥകണക്കും തമ്മില്‍ ബന്ധമുണ്ടാവില്ല.
രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുട പിന്‍ബലത്തിലാണ് നായ്ക്കളെ കൊല്ലുന്നതിനെതിരേ പട്ടിസ്‌നേഹികള്‍ രംഗത്തുവരുന്നത്. 1982ലെ അനിമല്‍ ആക്റ്റാണ് അവയിലൊന്ന്.
പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് റൂള്‍സ് ഭേദഗതി ചെയ്തതു പ്രകാരം കേന്ദ്രമൃഗക്ഷേമബോര്‍ഡ് സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതു നിര്‍ത്താന്‍ ഉത്തരവുണ്ടായി. തെരുവ് നായ്ക്കളെ കൊല്ലുന്നതു തടയാന്‍ ജന്തുദ്രോഹനിവാരണനിയമവും പ്രാബല്യത്തിലുണ്ട്. ഈ നിയമങ്ങളെല്ലാം പ്രോത്സാഹിപ്പിക്കുന്നതും സമര്‍ഥിക്കുന്നതും വന്ധീകരണപദ്ധതിയാണ്.
തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതു നിയമവിരുദ്ധമായതിനാലാണ് 2001ല്‍ കേന്ദ്രസര്‍ക്കാര്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി)പദ്ധതി ആവിഷ്‌കരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനതുഫണ്ടില്‍നിന്നു പദ്ധതിക്ക് തുക വിനിയോഗിക്കാമെന്നും വകുപ്പുതലത്തില്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ എ.ബി.സി ഫണ്ട് വഴി സിക്കിം, ഡല്‍ഹി നഗരങ്ങല്‍ പേവിഷ മുക്തമാക്കാന്‍ സാധിച്ചു.
മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ 'ദയ' നഗരസഭയുടെയും താലൂക്ക് വെറ്ററിനറി ആശുപത്രിയുടെയും സഹകരണത്തോടെ നഗരത്തില്‍ നടത്തിയ എ.ബി.സി പദ്ധതി ഏറെ വിജയകരമായിരുന്നു. 1994ല്‍ 'ഓപ്പറേഷന്‍ സീറോ റാബിസ് ' എന്ന പേരില്‍ പൊന്നാനി മുനിസിപ്പാലിറ്റിയും പേവിഷ മുക്തമാക്കിയിരുന്നു. അന്ന് ഏഷ്യയിലെതന്നെ ആദ്യ പേവിഷമുക്ത മുനിസിപ്പാലിറ്റിയായി പൊന്നാനിയെ പ്രഖ്യാപിച്ചിരുന്നു.
എ.ബി.സി പദ്ധതിയെ അംഗീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയും തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്‌തെങ്കിലും പദ്ധതി നടപ്പിലാക്കുന്നകാര്യത്തില്‍ ഇരുട്ടില്‍തപ്പുകയാണ് എല്ലാവരും. ഓപ്പറേഷന്‍ തിയറ്റര്‍, ഒബ്‌സെര്‍വേഷന്‍ സൗകര്യം, നായ്ക്കള്‍ക്കുള്ള ഭക്ഷണപാക്കേജ്, ലൈസന്‍സുള്ള നായപിടുത്തക്കാരന്‍, ഇവയെ പിടിച്ച് ആശുപത്രിയിലെത്തിക്കാനുള്ള ചെറിയവാഹനം, പിടികൂടി കൊണ്ടുവന്നതും ഓപ്പറേഷന്‍ കഴിഞ്ഞതുമായ പട്ടികളെ പാര്‍പ്പിക്കാനുള്ള ഇടം തുടങ്ങിയവ വന്ധ്യംകരണത്തിന്റെ അടിസ്ഥാനാവശ്യങ്ങളാണ്.
രണ്ടുഡോക്ടര്‍മാര്‍, ഒരു ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, അറ്റന്‍ഡര്‍, രണ്ട് വളണ്ടിയര്‍മാര്‍ എന്നിവരും അത്യന്താപേക്ഷിതമാണ്. നിലവിലുള്ള മൃഗാശുപതികള്‍വഴിയാണു പദ്ധതിനടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ മിക്ക മൃഗാശുപതികളിലും ഈ സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലെന്നതാണു യാഥാര്‍ഥ്യം.
ഒരുഭാഗത്തു നിയമത്തിന്റെ പിന്‍ബലത്തില്‍ വിഹരിക്കുന്ന തെരുവുനായ്ക്കളും മറുഭാഗത്ത് സാങ്കേതികസൗകര്യങ്ങളുടെ അഭാവത്തില്‍ കൈമലര്‍ത്തുന്ന സര്‍ക്കാരുമാകുമ്പോള്‍ പൊതുസമൂഹം ഏതുവഴിയാണ് തിരഞ്ഞെടുക്കേണ്ടത്. തെരുവുനായ്ക്കള്‍ക്കെതിരേ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും പലരും ഉറഞ്ഞുതുള്ളുമ്പോഴും ഇതിനു കാരണമായ മാലിന്യസംസ്‌കരണം വേണ്ടവിധം ചര്‍ച്ചയാവുന്നില്ലെന്നത് വിചിത്രംതന്നെ. രോഗത്തെ ചികിത്സിക്കുമ്പോള്‍ രോഗകാരണം തേടണമെന്നത് മലയാളി ഇനി എന്നാണ് തിരിച്ചറിയുക...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."