ശാന്തിഗീതം
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
- 1869 ഒക്ടോബര്‍ 2: ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം.
- മുഴുവന്‍ പേര്: മോഹന്‍ദാസ് കരംചന്ദ് ഗാന്ധി
അച്ഛന്‍: കരംചന്ദ് ഗാന്ധി (കാബാ ഗാന്ധി )അമ്മ: പുത് ലീ ഭായ് - 1888 : ബാരിസ്റ്റര്‍ ബിരുദം നേടാന്‍ പഠനത്തിന് ഇംഗ്ലണ്ടില്‍ .
- 1893: തെക്കെ ആഫ്രിക്കയില്‍.
- 1915: ഇന്ത്യയില്‍ തിരിച്ചെത്തി സബര്‍മതി ആശ്രമം സ്ഥാപിച്ചു.
- 1922: ബ്രിട്ടീഷ് ഭരണത്തിനെതിരേ പ്രക്ഷോഭം നയിച്ചതിന് 6 വര്‍ഷം തടവുശിക്ഷ ലഭിച്ചു.
- 1922-24: ജയില്‍ ജീവിത കാലത്ത് ആത്മകഥ (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ) എഴുതി.
- 1930: ദണ്ഡിയാത്ര, ഉപ്പുസത്യാഗ്രഹം.
- 1942: ക്വിറ്റിന്ത്യാ സമരം.
- 1947: ഓഗസ്റ്റ് 15 ന് ഇന്ത്യയുടെ പതാക ചെങ്കോട്ടയില്‍ ഉയരുമ്പോള്‍ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ കൊല്‍ക്കത്തയില്‍ സമുദായ സൗഹാര്‍ദ്ദം സ്ഥാപിച്ചെടുക്കാനുള്ള തീവ്രശ്രമത്തില്‍ .
- 1948: ജനുവരി 30 നാഥുറാം വിനായക് ഗോഡ്‌സെയുടെ തോക്കിനിരയായി വിട.
കേരള സന്ദര്‍ശനം
1920 ഓഗസ്റ്റ് 18നാണ് മഹാത്മാഗാന്ധി ആദ്യമായി കേരളത്തിലെത്തിയത്. ഉച്ചക്ക് 2.30ന് തീവണ്ടി മാര്‍ഗം കോഴിക്കോട്ടെത്തി . അലി സഹോദരന്‍മാരില്‍ ഒരാളായ ഷൗക്കത്തലി ഉണ്ടായിരുന്നു കൂടെ. പൗരാവകാശങ്ങള്‍ നിഷേധിച്ചു കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ റൗലറ്റ് ആക്ട് പാസാക്കിയതില്‍ പ്രതിഷേധിച്ച് രൂപീകരിച്ച നിസഹകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനും ഖിലാഫത്ത് സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചുമാണ് അന്ന് മഹാത്മജി കേരളത്തിലെത്തിയത്.
അന്നേ ദിവസം വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് ചേര്‍ന്ന പൊതുയോഗത്തില്‍ ഇരുപതിനായിരത്തിലേറെ പേര്‍ ഗാന്ധിജിയുടെ പ്രസംഗം ശ്രവിക്കാനെത്തി. അഹിംസ ,സ്വദേശി പ്രസ്ഥാനം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പ്രസംഗത്തില്‍ ഗാന്ധിജി ഊന്നിപ്പറഞ്ഞത്. ഖിലാഫത്ത് സമരം മുസ്‌ലിംകളുടെ മാത്രമല്ലെന്ന് വ്യക്തമാക്കല്‍ ഗാസിജിയുടെ ആദ്യ കേരള സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നു.
ഖിലാഫത്ത് സമര നായകന്‍മാരായ അലി സഹോദരന്‍മാരില്‍ ഷൗക്കത്തലി, മുഹമ്മദലി എന്നിവരില്‍ ഒരാള്‍ക്കൊപ്പം കേരളത്തിലെത്തിയതും ഇതേ കാരണത്താലാണ്. ഇതിന് ശേഷം 4 തവണ കൂടി ഗാന്ധിജി കേരളത്തിലെത്തിയിരുന്നു.
ആത്മകഥ
ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാമല്ലൊ. ഇത് രചിച്ചിരിക്കുന്നത് ഗുജറാത്തി ഭാഷയിലാണ്.
ഗുജറാത്തി വാരികയായ 'നവ ജീവനി'ലാണ് ഗാന്ധിജി തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. ഇതേ സമയത്ത് തന്നെ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ 'യംഗ് ഇന്ത്യ'യിലും പ്രസിദ്ധീകരിച്ചു.
ഇതിന്റെ മലയാളം പരിഭാഷക്കൊപ്പം തന്നെ കന്നട, തെലുങ്ക്, മറാഠി, തമിഴ്, ബംഗാളി, ഉര്‍ദു, ഒറിയ, ആസാമീസ് , പഞ്ചാബി തുടങ്ങിയ ഭാഷാ പതിപ്പുകളും പുറത്തിറങ്ങിയിട്ടുണ്ട്. പരമാവധി വായനക്കാരില്‍ ഗാന്ധി സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ താരതമ്യേന വില കുറച്ചാണ് ഈ പതിപ്പുകളത്രയും വില്‍ക്കപ്പെടുന്നത്.
അഞ്ച് ഭാഗങ്ങളായുള്ള ആത്മകഥയില്‍ കുടുംബ പശ്ചാത്തലം, വിദേശയാത്രകള്‍, സ്വാതന്ത്ര്യ സമരം, സത്യഗ്രഹം, തുടങ്ങിയവ വിശദമായിത്തന്നെ ഗാന്ധിജി പ്രതിപാദിക്കുന്നുണ്ട്.
നിസഹകരണ പ്രസ്ഥാനം
ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു പുറത്താക്കാന്‍ വേണ്ടി നടത്തിയ അനേകം സമരങ്ങളില്‍ പ്രധാനപ്പെട്ടതാണ് നിസഹകരണ പ്രസ്ഥാനം. ബ്രിട്ടീഷ് ഭരണത്തോട് ഒരുതരത്തിലും സഹകരിക്കാതിരിക്കാന്‍ ഈ സമരമുറയിലൂടെ ഗാന്ധിജി ജനങ്ങളോട് ആഹ്വാനം ചെയതു.
ക്വിറ്റ് ഇന്ത്യാ സമരം
1942 ഓഗസ്റ്റ് 3 ന് മുംബൈയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്. 'ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക' എന്ന മുദ്രാവാക്യം രാജ്യമെങ്ങും അലയടിച്ചു. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന മഹാത്മജിയുടെ ആഹ്വാനം ജനങ്ങളില്‍ ആവേശത്തിന്റെ അലയടികള്‍ സൃഷ്ടിച്ചു. ഓഗസ്റ്റ് 9 ന് ഗാന്ധിജി അടക്കമുള്ള നേതാക്കന്‍മാരെ അറസ്റ്റ് ചെയ്തു. ഗാന്ധിജിയേയും സഹധര്‍മിണി കസ്തൂര്‍ബയേയും പൂനയിലെ ആഗാ ഖാന്‍ കൊട്ടാരത്തിലാണ് പാര്‍പ്പിച്ചിരുന്നത്. കസ്തൂര്‍ബ അവിടെവച്ചു തന്നെ മരണപ്പെട്ടു. കൊട്ടാര മുറ്റത്തു തന്നെ ശവദാഹം നടത്തുകയും ചെയ്തു.
ഗാന്ധി വചനങ്ങള്‍
- പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.
- ശുചിത്വം ദൈവത്തിലേക്ക് നമ്മെ അടുപ്പിക്കുന്നു.
- എനിക്ക് 24 മണിക്കൂര്‍ ഈ രാജ്യത്തിന്റെ ഭരണാധികാരം ലഭിക്കുകയാണെങ്കില്‍ ഞാനാദ്യം ചെയ്യുക ഈ രാജ്യത്തെ
- മദ്യഷാപ്പുകളെല്ലാം അടച്ചു പൂട്ടുകയായിരിക്കും.
- ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ചയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.
- ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്.
- എന്റെ ജീവിതമാണ് എന്റെ സന്ദേശം.
- ഉറങ്ങുന്നവന് നിയമം ഒരിക്കലും സംരക്ഷണം നല്‍കുന്നില്ല. നീതി ലഭിക്കാന്‍ ഉണര്‍ന്നിരിക്കണം.
- മനുഷ്യ സേവനം ഭക്തിയേക്കാള്‍ പ്രധാനമാണ്.
- ഭിരുത്വത്തേക്കാള്‍ നല്ലത് പൊരുതി മരിക്കലാണ്.
- സ്‌നേഹവും അഹിംസയും ജീവിതത്തെ വിലയുള്ളതാക്കുന്നു.
ഗാന്ധി ദര്‍ശന്‍ ക്ലബ്ബ്
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാനും ഗാന്ധിജിയെക്കുറിച്ച് കൂടുതല്‍ അറിയാനും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ ഗാന്ധിദര്‍ശന്‍ ക്ലബ്ബ് രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പ്രശ്‌നോത്തരി ,ദേശഭക്തി ഗാനം, സ്‌കിറ്റ് അവതരണം, കവിതാ രചന, ഉപന്യാസ രചന, ആത്മകഥാ പഠനക്കുറിപ്പ്, പതിപ്പു നിര്‍മാണം തുടങ്ങിയ അനേകം മത്സരങ്ങള്‍ ക്ലബ്ബിനു കീഴില്‍ ഓരോ വര്‍ഷവും നടത്തി വരുന്നുണ്ട്.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്‌കൂളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍
പതിപ്പു നിര്‍മാണം
ക്ലാസ് തല ഗാന്ധിജി പതിപ്പ് കൊളാഷ് നിര്‍മാണ മത്സരം, പ്രദര്‍ശനം
അഭിമുഖം
ഒരു കുട്ടി ഗാന്ധിയായി വേഷമിടുന്നു.കുട്ടികള്‍ ഗാന്ധിജിയുമായി അഭിമുഖം നടത്തുന്നു.
അനുസ്മരണ പ്രഭാഷണം
അസംബ്ലി ചേര്‍ന്ന് ഗാന്ധിജിയെ സ്മരിച്ച് പ്രഭാഷണം നടത്തുക. പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനികളെയോ ഗാന്ധിയന്‍മാരെയോ ഇതിലേക്ക് ക്ഷണിക്കാം .
നാടകാവിഷ്‌കാരം
ഗാന്ധിജി പങ്കെടുത്ത പ്രധാന സമരങ്ങളും സംഭവങ്ങളും ഉള്‍പ്പെടുത്തി ചെറുനാടകങ്ങള്‍ രചിക്കുകയും രംഗത്ത് അവതരിപ്പിക്കുകയും ചെയ്യുക.
സ്മൃതി യാത്ര
വിദ്യാര്‍ഥികളെയും പിടിഎ അംഗങ്ങളെയും ഉള്‍പ്പെടുത്തി ഗാന്ധി സ്മൃതി യാത്ര നടത്താം.
പുസ്തകവായനക്കുറിപ്പ് മത്സരം
സ്‌കൂള്‍ ലൈബ്രറിയില്‍നിന്നു സ്വാതന്ത്ര്യ സമര ചരിത്രം, സ്വാതന്ത്ര്യ സമര നായകര്‍, ഗാന്ധിജിയുടെ ആത്മകഥ തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കുക
വായനക്കുറിപ്പ് മത്സരം നടത്തുക
പ്രശ്‌നോത്തരി
ഗാന്ധിജിയുടെ ജീവിതം, സമരമുറ, ആത്മകഥ, കുടുംബ പശ്ചാത്തലം, അഹിംസ എന്നിവ ഉള്‍പ്പെടുത്തി ഗാന്ധി ക്വിസ് സംഘടിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."