പെരിന്തല്‍മണ്ണ- യൂനിവേഴ്‌സിറ്റി ലോ ഫ്‌ളോര്‍ ബസ്; രാവിലെയും വൈകിട്ടും 'ഹൗസ്ഫുള്‍'
തേഞ്ഞിപ്പലം: രാവിലെ 10.15നു സര്‍വകലാശാലാ ക്യാംപസില്‍ നിന്നും ലോഫ്‌ലോര്‍ ബസ് മലപ്പുറത്തേക്കു യാത്ര തിരിച്ചു. ജീവനക്കാരടക്കം ആകെ ആറുപേരാണു ബസിലുള്ളത്. 46 സീറ്റുള്ള ബസില്‍ യാത്രക്കാര്‍ വെറും നാലുപേര്‍ മാത്രം. യാത്ര തുടങ്ങി പള്ളിക്കല്‍ ബസാര്‍ വരെ ഒരു സ്റ്റോപ്പിലും ബസ് നിര്‍ത്തിയില്ല. ലിമിറ്റഡ് സ്റ്റോപ്പായതിനാലല്ല. മറിച്ചു കേറാനോ ഇറങ്ങാനോ ആളില്ലാത്തതാണു പ്രശ്‌നം. പള്ളിക്കലില്‍ നിന്നും നാലുപേര്‍കൂടി കയറി. പിന്നീട് കൊട്ടപ്പുറം വരെയുള്ള നാലുകിലോമീറ്ററുനുള്ളില്‍ നാലു സ്ഥലത്താണ് ബസ് നിറുത്തിയത്. അവനാംപടിയിലും സ്റ്റോപ്പുണ്ട്.
'മിനിമം ചാര്‍ജ് എട്ട് രൂപ കൊടുത്താലെന്താ. ബസ് അവനാംപടിയില്‍ സ്‌റ്റോപ്പുണ്ടല്ലോ.?'അവനാംപടിയില്‍ നിന്നു കയറിയ ഒരു യാത്രക്കാരന്‍ പറഞ്ഞു. അതേ സമയം അമിത ചാര്‍ജ് പേടിച്ച് പലയിടങ്ങളിലും യാത്രക്കാര്‍ ബസില്‍ കയറുന്നില്ല. അമിതചാര്‍ജ് ഈടാക്കുന്നില്ലെന്നു ബസ് ജീവനക്കാര്‍ യാത്രക്കാരെ ബോധ്യപ്പെടുത്തിയിട്ടും ചിലര്‍ ബസില്‍ കേറാന്‍ കൂട്ടാക്കുന്നില്ല. നഷ്ടത്തിലായാല്‍ സര്‍വിസ് ഭീഷണിയാകും.
അതേസമയം രാവിലെ പെരിന്തല്‍മണ്ണയില്‍ നിന്നും വാഴ്‌സിറ്റിയിലേക്കുള്ള ട്രിപ്പില്‍ ബസ് നിറഞ്ഞു കവിയും. ഭൂരിഭാഗം യാത്രക്കാരും വാഴ്‌സിറ്റിയിലേക്കുള്ളവരാണ്. വൈകീട്ട് 5.10നു പെരിന്തല്‍മണ്ണയിലേക്കുള്ള സര്‍വിസിലും നിറയെ യാത്രക്കാരുണ്ട്. രാവിലത്തെ മടക്ക ട്രിപ്പിലാണ് ആള്‍ക്ഷാമം നേരിടുന്നത്.
മലപ്പുറം- പെരിന്തല്‍മണ്ണ റൂട്ടിലെ ഇടയ്ക്കുള്ള സര്‍വിസും വേണ്ടത്ര വിജയിക്കുന്നില്ല. രാത്രി എട്ടരയ്ക്ക് പെരിന്തല്‍മണ്ണ- പാണ്ടിക്കാട് റൂട്ടിലെ ട്രിപ്പിനു മികച്ച പ്രതികരണമാണു യാത്രക്കാരില്‍ നിന്നും ലഭിക്കുന്നതെന്നു ജീവനക്കാര്‍ പറയുന്നു. ആറായിരം രൂപയായിരുന്നു ആദ്യ ദിവസത്തെ വരുമാനം. പിന്നീട് 7000, 7600 എന്നിങ്ങനെ കളക്ഷന്‍ വര്‍ധിക്കുന്നുണ്ട്.
ഞായറാഴ്ചകളില്‍ ബസ് സര്‍വിസ് നടത്താനിടയില്ലെന്നാണ് ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കള്‍ മുതലാണ് ഈ റൂട്ടില്‍ പുതിയ ലോഫ്‌ലോര്‍ ബസ് സര്‍വിസ് ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."