കാട്ടുപന്നിയെ കൊന്ന് കാറില്‍ കടത്തുകയായിരുന്ന മൂന്നംഗ സംഘം അറസ്റ്റില്‍
കാസര്‍കോട്: ഭക്ഷണത്തില്‍ പടക്കം വച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയുമായി സഞ്ചരിക്കുകയായിരുന്ന മൂന്നു പേരെ പൊലിസ് അറസ്റ്റു ചെയ്തു. അഡൂര്‍ പാണ്ടി കാട്ടിപ്പാറയിലെ എ.വിനുകുമാര്‍ (22), അശോകന്‍ (32), ശശികുമാര്‍ (29) എന്നിവരെയാണ് കാസര്‍കോട് പൊലിസ് അറസ്റ്റു ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് കാസര്‍കോട് ഉളിയത്തടുക്കയില്‍ വച്ച് സംഘത്തെ പൊലിസ് പിടികൂടിയത്. പന്നിയെ കടത്താന്‍ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഭക്ഷണത്തില്‍ പടക്കം വച്ച് പന്നിയെ കൊന്ന ശേഷം ആള്‍ട്ടോ കാറില്‍ കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
കാസര്‍കോട് സ്‌റ്റേഷനിലെ എസ്.ഐ. ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ അതിവേഗതയില്‍ വരികയായിരുന്ന കെ.എല്‍ 14 ഇ 9558 നമ്പര്‍ ആള്‍ട്ടോകാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോയി. പൊലിസ് കാറിനെ പിന്തുടരുകയും ചൂരി കവലയില്‍ വച്ച് വാഹനം പിടികൂടുകയും ചെയ്തു. കാറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ചത്ത നിലയില്‍ കാട്ടുപന്നിയെ കണ്ടെത്തിയത്.
സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പന്നിയെ ഭക്ഷണത്തില്‍ പടക്കം വച്ച് കൊന്നതാണെന്നും ഇറച്ചിക്കായി കൊണ്ടുപോവുകയാണെന്നും ഇവര്‍ വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."