പണി പൂര്‍ത്തിയാകും മുമ്പേ കടപ്പുറത്തെ നടപ്പാത തകര്‍ന്നു
മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മഹാത്മാ ഗാന്ധി കടപ്പുറം കാണുവാനെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മിക്കുന്ന നടപ്പാത പണി പൂര്‍ത്തീകരിക്കും മുന്‍പ് തകര്‍ന്നു വീണു. സൗത്ത് കടപ്പുറത്ത് ബ്രിസ്റ്റോ ഹോട്ടലിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന ഭാഗത്താണ് നടപ്പാത തകര്‍ന്നിരിക്കുന്നത്. ഒരു മാസം മുന്‍പ് തന്നെ ചെറിയ തോതില്‍ നടപ്പാത തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി നടപ്പാതയുടെ ഏതാണ്ട് മുപ്പത് ശതമാനം ഭാഗം തകര്ന്നിടിഞ്ഞിരിക്കയാണ്. പണിത ഭാഗങ്ങള്‍ ഓരോ ഭാഗത്തായി അടര്‍ന്നുവീണു കൊണ്ടിരിക്കുകയാണ്. നടപ്പാതക്ക് മുകളില്‍ കല്ല് വിരിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് പുതുതായി പണിത ഒരു ഭാഗത്തെ കരിങ്കല്‍ പടവുകള്‍ വരെ ഇടിഞ്ഞു വീണിരിക്കുകയാണ്. ഞായറാഴ്ച ഇതര സംസ്ഥാന തൊഴിലാളികളായ ഒരു പറ്റം യുവാക്കള്‍ നടപ്പാതയിലൂടെ കടന്നു പോകവെയാണ് നടപ്പാതയുടെ അരിക് വശം തകര്‍ന്നു വീണത്. യുവാക്കളില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയുമുണ്ടായി.
ദ്രോണാചാര്യ ഭാഗത്തേക്ക് പോകേണ്ട സഞ്ചാരികള്‍ക്ക് അത്യാവശ്യം സര്‍ക്കസുകാരുടെ ബാലന്‍സുണ്ടെങ്കില്‍ മാത്രമേ കടന്നു പോകാനാവൂയെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ ഭാഗത്തെ നടപ്പാത തകര്‍ന്നപ്പോള്‍ സഞ്ചാരികള്‍ക്ക് കടന്നു പോകുവാന്‍ ഇരുമ്പ് ഷീറ്റാണ് ഇട്ടിരിക്കുന്നത്. ഇതിനു മുകളിലുടെയാണ് സഞ്ചാരികള്‍ കടന്നു പോകേണ്ടത്.
നിര്‍മാണത്തിന്റെ അപാകതകളാണ് നടപ്പാത ഇടിയുവാന്‍ കാരണമെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കരിങ്കല്‍ കൊണ്ട് പാര്‍ശ്വഭിത്തികള്‍ ഒരാള്‍ പൊക്കത്തില്‍ കെട്ടിയുയര്‍ത്തി അതിനുള്ളില്‍ ചെമ്മണ്ണ് നിറക്കേണ്ടതിനു പകരം കടപ്പുറത്തെ പൂഴിമണല്‍ തന്നെയാണ് നിറച്ചിരിക്കുന്നതെന്ന് തകര്‍ന്ന ഭാഗങ്ങള്‍ വ്യക്തമാക്കുന്നു. പേരിന് മാത്രമാണ് ചെമ്മണ്ണ് ഉപയോഗിച്ചിരിക്കുന്നത്. കരിങ്കല്‍ പാര്‍ശ്വഭിത്തികള്‍ പോലും കാര്യമായ ദൃഢത വരുത്താതെയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാണ് പ്രദേശത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."