HOME
DETAILS
MAL
പെണ്‍കരുത്തുയര്‍ന്നു; മാറഞ്ചേരിയില്‍ ഇപ്പോള്‍ കുടിവെള്ളക്ഷാമമില്ല
backup
May 11 2016 | 07:05 AM
പൊന്നാനി : ആദ്യം കുളങ്ങള്‍, തോടുകള്‍ പിന്നെ റോഡ് ഇപ്പോഴിതാ അവര്‍ കിണറും കുഴിച്ചുതുടങ്ങി. സംസ്ഥാനത്തിനു തന്നെ മാതൃകയാവുകയാണു മാറഞ്ചേരി പഞ്ചായത്തിലെ പെണ്‍കരുത്ത്.
ആദ്യം അവര്‍ നാട്ടിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ തോടുകള്‍ വെട്ടി. കുറച്ചൊന്നുമല്ല പഴയതും പുതിയതുമായി പതിനാറു കിലോമീറ്റര്‍. പിന്നെ മഴവെള്ളം ശേഖരിക്കാന്‍ പൊതുസ്ഥലത്തും സ്വകാര്യ ഭൂമിയിലുമായി ആയിരത്തോളം മഴക്കുഴികള്‍ കുഴിച്ചു.
പഞ്ചായത്തില്‍ കഴിഞ്ഞവര്‍ഷം മാത്രം കുത്തിയത് 16 പുതിയ കുളങ്ങള്‍, 14വാര്‍ഡുകളിലായി ഉപയോഗ ശൂന്യമായ നാല്പതോളം കുളങ്ങളെ അവര്‍ പുനരുജ്ജീവിപ്പിച്ചു. ഫലം ഈ വര്‍ഷം പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്നതും ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കാറുള്ള തുറുവാണം കുന്നില്‍ പോലും കുടിവെള്ള ക്ഷാമമുണ്ടായില്ല.
പുതിയ സാമ്പത്തിക വര്‍ഷം വെറും രണ്ടുമാസം മാത്രം പിന്നിടുമ്പോള്‍ എട്ടോളം പുതിയ കുളങ്ങളുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. മഴക്കാലത്ത് ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടന്നിരുന്ന നാലു ഗ്രാമീണ റോഡുകളെ പൂര്‍ണമായും നവീകരിച്ചു കോണ്‍ക്രീറ്റിംഗ് പ്രവര്‍ത്തികള്‍ വരെ ചെയ്യുന്നതും ഇതേ സ്ത്രീ തൊഴിലാളികളാണ്. അതില്‍ ഒന്നിന്റെ പണി പൂര്‍ത്തീകരിച്ചു കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഇപ്പോഴിതാ പൊതുകിണര്‍ എന്ന യജ്ഞം കൂടി ഏറ്റെടുത്തിരിക്കുന്നു.
കോള്‍ പാടങ്ങളുടെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചെങ്കലും ചെരലും നിറഞ്ഞ പ്രദേശമാണു തുറുവാണംകുന്ന്. പഞ്ചായത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശമായതിനാല്‍ തന്നെ വേനലായാല്‍ കുടിവെള്ളക്ഷാമവും രൂക്ഷം. കഴിഞ്ഞ തവണ ഈ കുന്നില്‍ നാലുകുളങ്ങള്‍ നിര്‍മിച്ച് മഴവെള്ളം സ്റ്റോര്‍ ചെയ്തപ്പോള്‍ ഇത്തവണ നിലവിലുള്ള കിണറുകളിലും പുതിയ കുളങ്ങളിലും ജലനിരപ്പു ഒരു പരിധി വിട്ടുതാഴ്ന്നില്ല.
കാലാകാലങ്ങളായി മറിവരുന്ന ഭരണാധികാരികളോടു പരാതിപ്പെട്ടിട്ടും ശാശ്വത പരിഹാരമാകാത്ത തങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനു തങ്ങള്‍ തന്നെ തുനിഞ്ഞിറങ്ങിയാല്‍ പരിഹാരം കാണാനാകുമെന്ന് അവര്‍ തിരിച്ചറിഞ്ഞു.
വെള്ളം വറ്റാതെ നിന്ന നാലു കുളങ്ങള്‍ നല്‍കിയ ആത്മവിശ്വസവും എന്‍ജിനീയര്‍ ശ്രീജിത്തിന്റെ പ്രോത്സാഹനവും കൂടി ആയപ്പോഴാണ് അതേ കോളനിയിലെ 10 പേര്‍ ചേര്‍ന്നു കുളം കുഴിക്കാന്‍ തീരുമാനിച്ചത്.പൂര്‍ണമായും ചെങ്കല്‍പ്പാറ നിറഞ്ഞ കുന്നിന്‍ ചെരിവിലെ അബേദ്കര്‍ എസ്.സി കോളനി ശ്മശാനത്തോട് ചേര്‍ന്നുള്ള പഞ്ചായത്തിന്റെ സ്ഥലത്ത് 3.30 മീറ്റര്‍ വ്യാസവും 20 മീറ്റര്‍ താഴ്ച്ചയിലുമുള്ള കിണറിന്റെ നിര്‍മാണത്തിനാണ് തുടക്കം കുറിച്ചത്. 70,000രൂപ അടങ്കല്‍ തുകയിലാണു പണി ആരംഭിച്ചിട്ടുള്ളത്.
ഇത്രയും ശക്തമായ പാറ ഇടിച്ചു താഴ്തി അടിയില്‍ നിന്നും മണ്ണു മുകളിലെത്തിക്കാന്‍ സ്ത്രീകളായ തൊഴിലാളികളെകൊണ്ട് മാത്രം കഴിഞ്ഞെന്നുവരില്ല. മാത്രവുമല്ല കുളങ്ങളും തോടും മഴക്കുഴിയും റോഡും ഒക്കെ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കിണര്‍ നിര്‍മ്മാണം ഇവര്‍ക്ക് ഇത് വരെ പരിചയമില്ലാത്ത പണിയാണ്... അതിന് വിദഗ്തരുടെ സഹായം ആവശ്യമാണ്. അത്‌കൊണ്ട് തന്നെ 10 തൊഴിലാളികളോടൊപ്പം രണ്ട് വിദഗ്ത തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയാണ് ഇവിടെ ഇപ്പോള്‍ പണി തുടങ്ങിയിട്ടുള്ളത്. മഴക്ക് മുന്‍പ് തന്നെ വള്ളം കണ്ട് പണി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാനാകുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് മാറഞ്ചേരി പഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് അക്രഡിറ്റഡ് എഞ്ചിനീയര്‍ ശ്രീജിത്ത് വേളയാതിക്കോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."