ലിബിയയില്‍ കുടുങ്ങിയവരെ രക്ഷിക്കാത്ത സര്‍ക്കാരുകള്‍ മാപ്പു പറയണം: കോടിയേരി
തിരുവനന്തപുരം: ലിബിയയില്‍ കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കാതിരുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മാപ്പ് പറയണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ലിബിയയില്‍ നിന്നും തിരിച്ചെത്തിയ ആറ് മലയാളി കുടുംബങ്ങളുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരുകളുടെ അവകാശവാദത്തിനു വിരുദ്ധമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇക്കാര്യത്തില്‍ നടത്തിയ സഹായനടപടികളെ പറ്റിയുള്ള വിവരണം ജനങ്ങളെ കബളിപ്പിക്കാനായിരുന്നുവെന്ന് വ്യക്തമായിരിക്കുകയാണ്.
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ അല്‍ സാവിയ പട്ടണത്തിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരും അവരുടെ കുടുംബാംഗങ്ങളും മാര്‍ച്ച് മാസം മുതല്‍ അവിടെ കുടുങ്ങിയിട്ട് രക്ഷാനടപടികള്‍ സ്വീകരിക്കുന്നതില്‍ ഇരുസര്‍ക്കാരുകളും അലംഭാവം കാട്ടിയെന്നാണ് ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞത്. കലാപകാരികളുടെ ആക്രമണത്തില്‍ കോട്ടയം സ്വദേശികളായ അമ്മയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ ഇത്രമാത്രം ഗുരുതരമായിരുന്നിട്ടും ലിബിയയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ എംബസിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്കയും സഹായിച്ചില്ല എന്ന വേദനാജനകമായ അനുഭവമാണ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവരിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."