വേറിട്ട വഴിയിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനവുമായി എസ്.പി.സി
വില്യാപ്പള്ളി: വേറിട്ട സേവന വഴിയിലൂടെ സജീവമാവുകയാണ് വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റുകള്‍. അഗതി മന്ദിരങ്ങള്‍ക്കും പാലിയേറ്റീവ് സെന്ററുകള്‍ക്കും വേണ്ടി ധനസമാഹരണം ലക്ഷ്യമാക്കിയായിരുന്ന കേഡറ്റുകളുടെ പ്രവര്‍ത്തനം.
സ്കൂള്‍ യുവജനോത്സവത്തിലും കായികമേളകളിലും ലഘുപാനീയങ്ങളും ഭക്ഷണവും വിതരണം ചെയ്താണ് പതിനായിരത്തില്പരം രൂപ സമാഹരിച്ചത്. വിതരണത്തിനുള്ള പലഹാരവും പാനീയങ്ങളും കുട്ടികള്‍ സ്വന്തം വീടുകളില്‍ നിന്ന് തയാറാക്കി എത്തിച്ചാണ് ഫണ്ട് സമാഹരിച്ചത്.
പാലിയേറ്റീവ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എസ്.പി.സി പദ്ധതിയുടെ ഒരു പ്രധാന ലക്ഷ്യമാണ്. സംരംഭം പ്രിന്‍സിപ്പല്‍ ഇ.കെ സോഫിയാമ്മ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഈ സംരംഭത്തോടുള്ള പ്രതികരണം ആശാവഹമായിരുന്നു. പ്രത്യേക ദിനങ്ങളില്‍ ഈ രീതിയില്‍ ഫണ്ട് സ്വരൂപിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തന്നെയാണ് കാഡറ്റുകളുടെ തീരുമാനം.
കുട്ടികള്‍ ആഘോഷദിവസങ്ങളില്‍ സ്കൂള്‍ പരിസരങ്ങളില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നതിനും ഒരുപരിധിവരെ ഈ സംരംഭം പരിഹാരമാണ്. സംരംഭത്തിന് സ്കൂള്‍ എസ്.പി.സി ഇന്‍ചാര്‍ജ് കമ്യൂണിറ്റ് പൊലിസ് ഓഫീസര്‍ എം. സുലൈമാന്‍, സമീമ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."