കെ.പി.സി.സി നിര്‍മിച്ച ക്ലിനിക്ക് സുധീരന്‍ തുറന്നു പ്രാദേശിക നേതൃത്വം ബഹിഷ്‌കരിച്ചു
കല്യാശ്ശേരി: കല്യാശ്ശേരിയില്‍ സി.പി.എം ഭീഷണിയെ തുടര്‍ന്ന് ആയുര്‍വേദ ക്ലിനിക് നിര്‍ത്തേണ്ടി വന്ന ഡോ. നിത പി നമ്പ്യാരുടെ വീടിനുസമീപം കെ.പി.സി.സി നിര്‍മിച്ചുനല്‍കിയ ആയുര്‍വേദ ക്ലിനിക് കെട്ടിടം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്തു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എതിര്‍പ്പിനിടെയാണ് ക്ലിനിക്ക് തുറന്നത്. സതീശന്‍ പാച്ചേനി, അമൃത രാമകൃഷ്ണന്‍, അഡ്വ. മാര്‍ട്ടിന്‍ ജോണ്‍, അജിത് മാട്ടൂല്‍, ജോഷി കണ്ടത്തില്‍, സജീവ് ജോസഫ്, എം.പി വേലായുധന്‍, രജനി രമാനന്ദ്, ഇ.വി ഭാനുമതി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
കോണ്‍ഗ്രസ് കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവച്ച് ഉദ്ഘാടനത്തില്‍ നിന്നു വിട്ടുനിന്നതോടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായി മാറി. 2015ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കല്യാശ്ശേരിയിലെ പതിനൊന്നാം വാര്‍ഡ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ഡോ. നിതയുടെ അമ്മ ഭാനു വിദ്യാധരന്‍. ഇതിനുശേഷം ഭാനുവിന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. 2016 നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഡോ. നിതയുടെ ക്ലിനിക്കിനു നേരേ വീണ്ടും ആക്രമണമുണ്ടായി. സി. പി.എം ആക്രമണത്തില്‍ ക്ലിനിക്ക് അടച്ചുപൂട്ടേണ്ടി വന്നതിനാലാണ് ഡോ. നിതയുടെ വീടിനുസമീപം കെ.പി.സി.സി പുതിയ ക്ലിനിക്കിനു കെട്ടിടം നിര്‍മിച്ചു നല്‍കിയത്.
സുധീരന്‍ പങ്കെടുത്ത പരിപാടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ പൂര്‍ണമായും വിട്ടുനിന്നു. പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ ഉദ്ഘാടനത്തിനെത്തുന്ന സുധീരനെ തടയുമെന്നു മണ്ഡലം കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടല്‍മൂലം അതില്‍ നിന്ന് പിന്‍മാറി. 11 അംഗ മണ്ഡലം കമ്മിറ്റി ഒന്നടങ്കം കൂട്ടരാജി നല്‍കി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ഇതു പരിശോധിക്കുകയും പിന്നാമ്പുറത്തു ശക്തി പ്രവര്‍ത്തിക്കുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ സുധീരന്‍ നേരിട്ടെത്തി ഡോ. നിതയുടെ വീട് സന്ദര്‍ശിച്ച് സാമ്പത്തിക സഹായം നല്‍കുകയായിരുന്നുവെന്നു രാജിവച്ച മണ്ഡലം കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരേ ഡി.സി.സി, കെ.പി.സി.സി എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല. കല്യാശ്ശേരിയിലെ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ ഡി.സി.സി നേതൃത്വം ഒരുനടപടിയും സ്വീകരിച്ചില്ല. മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കുകയും ചെയ്തു. കെ.പി.സി.സി നിര്‍മിച്ചു നല്‍കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനവും മണ്ഡലം ഭാരവാഹികളെ അറിയിച്ചിട്ടില്ലെന്നും ആരോപിച്ചു. നേതാക്കളുടെ ധാര്‍ഷ്ഠ്യത്തിനെതിരേ കടുത്ത നിലപാടുകളുമായി മുന്നോട്ടുപോകുമെന്നു മണ്ഡലം നേതാക്കളായ കൂനത്തറ മോഹനന്‍, സി.പി അമീര്‍ അലി, തോട്ടത്തില്‍ ചന്ദ്രന്‍, പി ഗീത, ധനഞ്ജയന്‍, പി രത്‌നാകരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."