ബി.എസ്.എന്‍.എല്‍ പരിധിക്കു പുറത്ത്; ഉപയോക്താക്കള്‍ക്കു ദുരിതം
തൊടുപുഴ: ബി.എസ്.എന്‍.എല്‍ ഉപയോക്താക്കള്‍ക്ക് ദുരിതം സമ്മാനിച്ച് പലപ്പോഴും മൊബൈല്‍ ഫോണുകള്‍ നിശ്ചലാവസ്ഥയിലാകുന്നത് പതിവാകുന്നു. ഫോണുകള്‍ മിക്കവാറും സമയങ്ങളിലും പരിധിക്ക് പുറത്താണ്. ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ബിഎസ്എന്‍എല്‍ നമ്പരുകളിലേക്ക് വിളിക്കുന്നവര്‍ക്ക് പരിധിക്ക് പുറത്ത് എന്ന മറുപടിയാണ് ലഭിക്കുന്നത്.
ബി.എസ്.എന്‍.എല്ലില്‍ നിന്നും ഇതര ഫോണുകളിലേക്കും വിളിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. പല ആവര്‍ത്തി ശ്രമിച്ചാലാണ് വല്ലപ്പോഴും കോളുകള്‍ ലഭ്യമാകുന്നത്. ജില്ലയില്‍ പലയിടങ്ങളിലും കാലഹരണപ്പെട്ട ടവറുകളാണുള്ളത്. ഇവയുടെ എല്ലാംതന്നെ ശേഷി വര്‍ധിപ്പിക്കാതെയാണ് പുതിയ കണക്ഷനുകള്‍ നല്‍കുന്നത്. ഇത് പലപ്പോഴും സേവനത്തെ സാരമായി ബാധിക്കുന്നുണ്ട്. പല ടവറുകളിലും ബാറ്ററി സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ച പടിയാണ്. വൈദ്യുതി മുടക്കം പതിവായ മലയോര മേഖലയില്‍ വൈദ്യുതി പോകുന്നതോടെ ഫോണുകളുടെ പ്രവര്‍ത്തനവും നിലയ്ക്കും.
അധികൃതരുമായി ബന്ധപ്പെട്ടവര്‍ക്ക് തൃപ്തികരമായ മറുപടിയല്ല ലഭിക്കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുകളും പലയിടങ്ങളിലും തകരാറിലാണ്. തകരാറിലാകുന്ന ലാന്‍ഡ് ഫോണുകളും പലപ്പോഴും മാറ്റി നല്‍കാന്‍ അധികൃതര്‍ തയാറാകാത്തതോടെ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ലാന്‍ഡ് ഫോണുകളും ഉപേക്ഷിച്ചു തുടങ്ങി.
പുതിയ വരിക്കാരനാകുന്നതോടെ ബി.എസ്.എന്‍.എല്‍ ഉപയോക്താവിന് മാസ വാടകക്ക് നല്‍കുന്ന ലാന്‍ഡ് ഫോണുകള്‍ തകരാറിലായാല്‍ മുന്‍പ് അവ മാറ്റി പുതിയ ഫോണ്‍ നല്‍കിയിരുന്നു. ഇപ്പോള്‍ ഏതാനും നാളുകളായി പുതിയ ഫോണുകള്‍ ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ഇതോടെ ആഴ്ചകളായി തകരാറില്‍ കിടക്കുന്ന ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയില്ലാതായി. ലൈനിലെ തകരാന്‍ പരിഹരിച്ചാലും ഫോണില്ലാതായതോടെ താഴേക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തലവേദന വര്‍ധിച്ചു. സ്വകാര്യ മൊബൈല്‍ കമ്പനികളെ സഹായിക്കുന്നതിന് ബി.എസ്.എന്‍.എല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് പ്രശ്‌നത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. ഫോണ്‍ നെറ്റ് വര്‍ക്ക് തകരാര്‍ തുടര്‍ക്കഥയായതോടെ നിരവധി വരിക്കാര്‍ ബിഎസ്എന്‍എല്‍ വിട്ട് ഇതര നെറ്റ് വര്‍ക്കുകളിലേക്ക് ചേക്കേറുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."