അഖിലേഷിനെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ എസ്.പിയെ പിന്തുണയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയാറാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്വാദി പാര്‍ട്ടിയില്‍ അഖിലേഷ് യാദവിന് പൂര്‍ണ അധികാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാജ്വാദി പാര്‍ട്ടി ലക്ഷ്യംവയ്ക്കുന്ന മഹാസഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാന്‍ എസ്.പി നേതൃത്വം തയാറാകണമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന് ചുക്കാന്‍പിടിക്കുന്ന പ്രശാന്ത് കിഷോര്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങുമായി രണ്ടുമണിക്കൂര്‍ നേരം ചര്‍ച്ച നടത്തിയിരുന്നു. തെരഞ്ഞെടുപ്പിനെ നേരിടാന്‍ സമാന മനസ്കരായ പാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കുന്നതു സംബന്ധിച്ചായിരുന്നു ഇത്. അതിനിടയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് യോജിക്കാവുന്നവരെല്ലാവരേയും യോജിപ്പിച്ചു നിര്‍ത്തുന്നതിനു നീക്കം നടത്തണമെന്ന് ഇന്നലെ മുലായവുമായി ചര്‍ച്ച നടത്തിയ എസ്.പി നേതാവ് അമര്‍സിങ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച മുലായത്തിന്റെ സഹോദരനും എസ്.പി സംസ്ഥാന പ്രസിഡന്റുമായ ശിവപാല്‍ സിങ്, ജനതാദള്‍(യു) നേതാവ് കെ.സി ത്യാഗി, ആര്.എല്‍.ഡി നേതാവ് അജിത് സിങ് എന്നിവരുമായി ചര്‍ച്ച നടത്തുകയും എസ്.പിയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ യോജിക്കാവുന്നവരെല്ലാവരുമായി യോജിപ്പിലെത്തി ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തു നിര്‍ത്തുകയെന്നതാണ് എസ്.പി നടത്തുന്ന നീക്കത്തിനു പിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."