'ശശികല ടീച്ചര്‍ ഞങ്ങളെ പഠിപ്പിക്കേണ്ട' വല്ലപ്പുഴയില്‍ പ്രതിഷേധം ശക്തം
ഖാസിം വള്ളിക്കുന്നത്ത്
വല്ലപ്പുഴ: വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ പൊലിസ് കേസെടുത്ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ക്കെതിരേ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും പ്രതിഷേധം ശക്തമാകുന്നു. വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ഇവര്‍ക്കെതിരേ വല്ലപ്പുഴയിലും പരിസര പഞ്ചായത്തുകളിലും ജനകീയ പ്രതികരണ വേദി എന്ന പേരിലാണ് പ്രതിഷേധക്കാര്‍ ഒരുമിച്ചിരിക്കുന്നത്.
മതവിദ്വേഷം പ്രസംഗിച്ച് രാജ്യത്തിന്റെ സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന ശശികല ടീച്ചര്‍ തങ്ങളുടെ മക്കളെ പഠിപ്പിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കുറ്റമടക്കം ചാര്‍ത്തിയ ശശികല ടീച്ചര്‍ സ്‌കൂളില്‍ തുടരുന്നത് നാടിനും സ്‌കൂളിനും അപമാനമാണ്. കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ സ്‌കൂളുകള്‍ക്ക് മികച്ച പങ്കുണ്ടായിരിക്കെ ചെറുപ്രായത്തില്‍ തന്നെ പിഞ്ചുഹൃദയങ്ങളിലേക്ക് വിഷം കുത്തിയിറക്കുന്ന ടീച്ചറുടെ അധ്യാപനം ഒരു നിലയ്ക്കും അനുവദിക്കാനാവില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്.
സ്‌കൂളില്‍ നിന്നു ശശികലയെ പുറത്താക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധക്കൂട്ടായ്മയും സംഘടിപ്പിച്ചിരുന്നു. ശശികലയുടെ മതവിദ്വേഷം പ്രകടിപ്പിക്കുന്ന പ്രസംഗങ്ങളുടെ പേരില്‍ കേരള പൊലിസ് 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ കരിങ്കൊടിയുമായിറങ്ങിയ സംഭവവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പലപ്പോഴും പഠനവും മുടക്കുന്നുണ്ട്. ഇത് വിദ്യാര്‍ഥികളില്‍ ഭീതിയും മാനസിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഇവരെ പുറത്താക്കുംവരെ സമരം തുടരാനാണ് ജനകീയ പ്രതികരണ വേദിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."