മാമ്പുഴയില്‍ കൈയേറ്റം വ്യാപകം
പന്തീരാങ്കാവ്: മാമ്പുഴയില്‍ കൈയേറ്റം വ്യാപകമാകുന്നു.മാമ്പുഴയിലെ ഒളവണ്ണ, പെരുവയല്‍, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ നീര്‍ചാലുകള്‍ ഉള്‍പ്പെട്ട ഏക്കര്‍ കണക്കിന് പുഴയോരമാണ് ഭൂമാഫിയാ സംഘങ്ങള്‍ മണ്ണിട്ട് നികത്തി കയ്യടക്കുന്നത്. കൈപാടം,അത്തുളിതാഴം,കീഴ്മാട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം പുഴയോരമാണ് നികത്തുന്നത്.
കിണാശ്ശേരി സൗത്ത് മണ്ണുകാവ് ഭാഗങ്ങളില്‍ ഇപ്പോള്‍ കെട്ടിട നിര്‍മാണവും മാമ്പുഴയുടെ പല സ്ഥലത്തും കക്കൂസ് ടാങ്കുകളുടെയും മറ്റു മാലിന്യം പുഴയിലേക്ക് ഒഴുക്കിവിടുന്നു. ഒളവണ്ണ പാലത്തുംകണ്ടി പാലത്തിന് താഴെ ഭാഗത്തെ ചേരിക്കണ്ടിയില്‍ പുഴയക്ക് ഭീഷണി സൃഷ്ടിച്ച് കൊണ്ട് കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമിട്ട് നികത്തി വരുന്നു.ഇതിനെതിരെ മാമ്പുഴ സംരക്ഷണ സമിതി അധികൃതര്‍ക്ക് പരാതി നല്‍കി.
കഴിഞ്ഞ ഓഗസ്റ്റ് മാസം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മാമ്പുഴ സംരക്ഷണ സമിതി പ്രതിനിധികളുടെയും യോഗത്തില്‍ സര്‍വേ പൂര്‍ത്തിയാക്കിയ സ്ഥലങ്ങളിലെ കൈയേറ്റം ഒക്ടോബര്‍ രണ്ടിനകം തിരിച്ചുപിടിക്കാനും സര്‍വേ നടത്തിയ ഭാഗങ്ങളില്‍ കല്ലിടാനും സര്‍വേ നടക്കാത്ത ഭാഗങ്ങളില്‍ വീണ്ടും സര്‍വേ ചെയ്യാനും ഒളവണ്ണ,പെരുവയല്‍,പെരുമണ്ണ എന്നീ പഞ്ചായത്തുകള്‍ക്ക് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് മാമ്പുഴയിലെ കൈയേറ്റ ഭൂമി ഒഴിപ്പിച്ച് സര്‍വേ പൂര്‍ത്തിയാക്കിയ ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിനായി പെരുവയല്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്ത ചെയര്‍പഴ്‌സനായി കമ്മിറ്റി രൂപീകരിച്ച് കൈയേറ്റങ്ങള്‍ തിരിച്ച് പിടിക്കാന്‍ നടപടികള്‍ തുടങ്ങി.
മാമ്പുഴയുടെ ഇരുവശങ്ങളിലുമുള്ള നീര്‍ത്തടങ്ങളും നിലങ്ങളും വ്യാപകമായി റിയല്‍ എസ്‌റ്റേറ്റ് സംഘങ്ങള്‍ വാങ്ങിക്കൂട്ടിയതിനാല്‍ നികത്തല്‍ ഭീക്ഷണിലായിട്ടും കൈയേറ്റ ഭൂമി തിരിച്ച് പിടിക്കാന്‍ കലക്ടറുടെ നിര്‍ദേശം വന്നിട്ടും ഒളവണ്ണ, പെരുമണ്ണ പഞ്ചായത്ത് അധികൃതരില്‍ നിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തത് ദുരൂഹമാണെന്ന് മാമ്പുഴ സംരക്ഷണ സമിതി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."