ചത്ത താറാവുകളുമായി എത്തിയ ലോറി പഞ്ചായത്ത് അധികൃതര്‍ തടഞ്ഞു
കടുത്തുരുത്തി: രോഗം ബാധിച്ചു ചത്ത താറാവുകളുമായെത്തിയ ലോറി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ തടഞ്ഞു. തുടര്‍ന്ന് ലോറി തിരിച്ചയച്ചു. ഇന്നലെ ഉച്ചയ്ക്കു 12.30 ഓടെ കല്ലറ എസ്ബിറ്റിക്കു മുന്നിലാണ് ലോറി തടഞ്ഞത്. വച്ചൂര്‍ പഞ്ചായത്തില്‍ നിന്നാണ് രോഗം ബാധിച്ച ചത്ത താറാവുകളുമായി ലോറി എത്തിയത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വൈക്കത്ത് തന്റെ വീടിന് സമീപത്തക്കു കുഴിച്ചിടാന്‍ കൊണ്ടു പോവൂകയായിരുന്നു താറാവുകളെയെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ വൈക്കത്തേക്കു കൊണ്ടു പോകേണ്ട താറാവുകള്‍ കല്ലറയിലേക്കു കൊണ്ടുവന്നത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപിടി നല്കാന് ഡ്രൈവര്ക്കായില്ലെന്ന് പൊലീസ് പറഞ്ഞു. ഇതേസമയം മുണ്ടാറില്‍ പാടത്ത് ഉപേക്ഷിക്കാനായിട്ടാണ് ചത്ത താറാവുകളെ കൊണ്ടു വന്നതെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപിന് വിവരം ലഭിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പഞ്ചായത്തംഗങ്ങള്‍ ലോറി തടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."