പിന്‍വലിച്ച നോട്ടുകള്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ ദുരിതത്തിലായി
പള്ളിക്കല്‍: പിന്‍വലിച്ച 500-1000 രൂപ നോട്ടുകള്‍ പള്ളിക്കല്‍ സര്‍വിസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ചവര്‍ വെട്ടിലായ അവസ്ഥയില്‍. നിരോധനം വന്ന ആദ്യ ദിവസങ്ങളില്‍ പിന്‍വലിച്ച നോട്ടുകള്‍ മാറ്റി കൊടുക്കാനും നിക്ഷേപത്തിലേക്ക് സ്വീകരിക്കാനും ബാങ്ക് തയ്യാറായില്ലെങ്കിലും പിന്നീട് നോട്ടുകള്‍ നിലവിലുള്ള അക്കൗണ്ടിലേക്ക് സ്വീകരിച്ചു തുടങ്ങിയിരുന്നു.
നിക്ഷേപകരോട് ഒരാഴ്ചക്ക് ശേഷം നിശ്ചിത തുക ബാങ്കില്‍ നിന്നും തിരിച്ചെടുക്കാന്‍ കഴിയുമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതോടെ മറ്റു ബാങ്കുകളിലെ വന്‍ തിരക്ക് കാരണം പലരും സഹകരണ ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തി. എന്നാല്‍ ആഴ്പക്ക് ശേഷം തിങ്കളാഴ്ച തന്നെ ബാങ്കില്‍ പണം വാങ്ങാനായി എത്തിയ ഇടപാടുകാര്‍ പണം ലഭിക്കാതെ മടങ്ങേണ്ടി വന്നു. ഇന്നലെയും ഇതു തന്നെയായിരുന്നു അവസ്ഥ.
ഇത് സാധാരണക്കാരായ ഗുണഭോക്താക്കളെ ഏറെ ദുരിതത്തിലാക്കി. നിക്ഷേപകര്‍ക്ക് നല്‍കാനുള്ള പണം ബാങ്കിന് ലഭിക്കാത്തത് കൊണ്ടാണ് ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ കഴിയാത്തതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ഇതോടെ പിന്‍വലിച്ച നോട്ടുകള്‍ ബാങ്കില്‍ സ്വീകരിക്കാനും സഹകരണ ബാങ്ക് അധികൃതര്‍ തയ്യാറായില്ല.
നോട്ടുകളുടെ നിരോധനം വന്നതിനു ശേഷം ആകെ 80000 (എണ്‍പതിനായിരം) രൂപക്കുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രമാണ് ബാങ്കിന് ലഭിച്ചിരുന്നത്. നേരത്തെ സ്റ്റോക്കുണ്ടായിരുന്ന പണം ഉള്‍പ്പെടെ മുഴുവന്‍ സംഖ്യയും ഞായറാഴ്ചയോടെ തന്നെ പള്ളിക്കല്‍ സഹകരണ ബാങ്കില്‍ വിതരണം ചെയ്തു കഴിഞ്ഞിരുന്നു. പള്ളിക്കല്‍ബസാറിലെ മഞ്ചേരി അര്‍ബന്‍ ബാങ്കില്‍ രണ്ടര ലക്ഷത്തോളം രൂപ ഇന്നലെ വിതരണം ചെയ്തു.
ചെറിയ നോട്ടുകള്‍ വളരെ കുറവായതിനാല്‍ രണ്ടായിരം രൂപയുടെ നോട്ടുകളാണ് കൂടുതല്‍ പേര്‍ക്കും നല്‍കാന്‍ കഴിഞ്ഞത്. രണ്ടായിരത്തിന്റെ നോട്ടുകള്‍ നല്‍കേണ്ടി വന്നതില്‍ സാധാരണക്കാരായ ഇടപാടുകാരില്‍ നിന്നും ഏറെ പരാതി കേള്‍ക്കേണ്ടി വന്നതായി ബാങ്ക് ജീവനക്കാര്‍ പറഞ്ഞു.
പള്ളിക്കല്‍ബസാറിലെ കേരളാ ഗ്രാമീണ്‍ ബാങ്കില്‍ തിങ്കളാഴ്ച നല്‍കിയ ടോക്കണ്‍ പ്രകാരമാണ് ഇന്നലെ ഇടപാടുകള്‍ നടന്നത്. സ്ഥിരം ഇടപാടുകാര്‍ക്ക് പുറമെ ടോക്കണ്‍ പ്രകാരമുള്ള 150 പേര്‍ക്കാണ് ഇന്നലെ ഇടപാട് നടത്തിയത്. ഇന്നത്തേക്കും നാളത്തേക്കുമുള്ള ടോക്കണ്‍ ഇന്നലെ വിതരണം ചെയതു കഴിഞ്ഞു. വെള്ളിയാഴ്ചത്തേക്കുള്ള ടോക്കണ്‍ നാളെ വിതരണം ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.
പള്ളിക്കല്‍ബസാറില്‍ കേരളാ ഗാമീണ്‍ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. രാവിലെ എത്തുന്ന ജീവനക്കാര്‍ സ്ഥിരം ഇടപാടുകാര്‍ക്കും തലേദിവസം നല്‍കിയ ടോക്കണിലും മുഴുവനും ഇടപാട് നടത്തിയ ശേഷം രാത്രിയോടെയാണ് ബാങ്കില്‍ നിന്നും തിരിച്ചു പോകാന്‍ കഴിയുന്നത്.
പരാതികള്‍ക്കിടയിലും ബാങ്കുകളില്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാരോട് ക്ഷമയോടെ ഗുണഭോക്താക്കള്‍ സഹകരിക്കുന്നതാണ് ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം പകരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."