ജില്ലാസ്‌കൂള്‍ ശാസ്‌ത്രോത്സവം തുടങ്ങി
മണ്ണാര്‍ക്കാട്: പാലക്കാട് റവന്യു ജില്ല കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. ഇന്നലെ മൂന്ന് മത്സരങ്ങളാണ് നടന്നത്. സംഘാടനത്തിലെ പാളിച്ച കാരണം കഴിഞ്ഞ മത്സരങ്ങളുടെ ഫലമറിയാന്‍ തേടി വിദ്യാര്‍ഥികള്‍ അലഞ്ഞ് നടക്കേണ്ടിവന്നു.
സാമൂഹിക ശാസ്ത്രം, ഗണിത ശാസ്ത്രമേളകളും ഐ.ടി മേളയും 17വരെ നടക്കും. ഇന്നലെ രാവിലെ ജനറല്‍ കണ്‍വീനറും, പാലക്കാട് ഡി.ഡി.ഇയുമായ കെ. ശ്രീനിവാസ പതാക ഉയര്‍ത്തിയതോടെയാണ് മേളക്ക് തുടക്കമായത്.
മേളയുടെ ഉദ്ഘാടനം ഉച്ചക്ക് കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി അധ്യക്ഷനായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍, തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സുജാത, ജില്ല പഞ്ചായത്തംഗം അച്ചുതന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ യൂസഫ് പാലക്കല്‍, പഞ്ചായത്തംഗം ജോര്‍ജ് തച്ചമ്പാറ, ഡി.ബി.എച്ച്.എസ് പ്രധാനാധ്യാപകന്‍ ബെന്നി ജോസഫ് പ്രസംഗിച്ചു. ഡി.ഡി.ഇ ശ്രീനിവാസ് സ്വാഗതവും, ഹംസ അന്‍സാരി നന്ദിയും പറഞ്ഞു.
സ്‌കൂളില്‍ ഒരുക്കിയ മേഡിയ സെന്റര്‍ നാഥനില്ലാ കളരിയായി. വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നില്ല. കൂടാതെ മേഡിയ സെന്ററിന്റെ ചുമതല വഹിക്കുന്ന ഒരു സംഘാടാകനെയും കാണാനായതുമില്ല. ഇതിനെ തുടര്‍ന്ന് മത്സര ഫലങ്ങള്‍ പോലും ലഭിക്കാതെയാണ് പല മാധ്യമ പ്രവര്‍ത്തകരും സ്‌കൂളില്‍ നിന്നും മടങ്ങിയത്.
ഇന്ന് രണ്ടു ഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡി.ബി.എച്ച്.എസ് തച്ചമ്പാറ - വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഐ.ടി മള്‍ട്ടിമേഡിയ പ്രസന്റേഷന്‍, വെബ് പേജ് (എച്ച്.എസ്, എച്ച്.എസ്.എസ്). ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാട് - മാത്സ് ക്വിസ് - എല്‍.പി വിഭാഗം (രാവിലെ 10.30ന്), യു.പി (11.30), എച്ച്.എസ് (ഉച്ചക്ക് 1.30), എച്ച്.എസ്.എസ് (2.30ന്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."