ഭാരവാഹിത്വത്തെ ചൊല്ലി തര്‍ക്കം; റവന്യൂ ജില്ലാ കലോത്സവ സംഘാടക സമിതി യോഗം അലങ്കോലമായി
തൃക്കരിപ്പൂര്‍: സംഘാടക സമിതി ഭാരവാഹിത്വത്തെ ചൊല്ലി റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവ സംഘാടക സമിതി രൂപീകരണ യോഗം അലങ്കോലപ്പെട്ടു. തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ സംഘാടക സമിതി ഭാഗികമായി പ്രഖ്യാപിച്ചു യോഗം പിരിഞ്ഞു. ജനുവരിയില്‍ തൃക്കരിപ്പൂര്‍ വി.പി.പി മുഹമ്മദ് കുഞ്ഞി പട്ടേലര് സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന റവന്യൂ ജിലാ സ്കൂള്‍ കലോത്സവ സംഘാടക സമിതിയാണ് അലങ്കോലമായത്. സംഘാടക സമിതിയിലെ ഭക്ഷണം, പ്രോഗ്രാം കമ്മിറ്റികളുടെ കണ്‍വീനര്‍ സ്ഥാനങ്ങള്‍ കെ.പി.എസ്.ടി.എയെ മാറ്റി നിര്‍ത്തി കെ.എസ്.ടി.എ, കെ.എസ്.ടി.യു എന്നീ സംഘടനകള്‍ക്കു വീതം വച്ചു നല്കാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറും ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ യു കരുണാകരനും ശ്രമിച്ചുവെന്നാരോപിച്ചു കോണ്‍ഗ്രസ് നേതാക്കളും ജനപ്രതിനിധികളും കെ.പി.എസ്.ടി.എ പ്രവര്‍ത്തകരും മുദ്രാവാക്യങ്ങളുമായി രംഗത്തുവന്നതാണു സംഘാടക സമിതി യോഗം അലങ്കോലമായത്.
വേദിയിലേക്ക് ഇരച്ചുകയറിയ ഇവര്‍ ഒച്ചപ്പാട് ഉയര്‍ത്തിയതോടെ വേദിക്കു താഴെ നിന്ന യൂത്ത്ലീഗ്, കെ.എസ്.ടി.യു പ്രവര്‍ത്തകര്‍ വേദിയിലേക്കു ചാടിക്കയറി. പൊലിസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കുകയായിരുന്നു. ജനറല്‍ കമ്മിറ്റിയെ മാത്രമേ പ്രഖ്യാപിക്കുകയുള്ളൂവെന്ന് ഉറപ്പു നല്‍കിയതോടെയാണ് വീണ്ടും യോഗം ആരംഭിച്ചത്. ഇതിനിടെ സ്കൂള്‍ ഓഫിസില്‍ വിശ്രമിക്കുകയായിരുന്ന ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കരുണാകരനുമായി സ്ഥാനങ്ങള്‍ വീതം വെച്ചുവെന്ന ആരോപണവുമായി കെ.പി.എസ്.ടി.എ, കോണ്‍ഗ്രസ് നേതാക്കള്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടു.
ഇതോടെ ഉപഡയരക്ടര്ക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം യോഗത്തി ല്‍ പങ്കെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."