പ്രതിസന്ധി തീരുംവരെ പഴയ നോട്ടുകള്‍ വിനിമയം നടത്താന്‍ അവസരമൊരുക്കണം
മഞ്ചേരി: പുതിയ നോട്ടുകളുടെ ലഭ്യത പൂര്‍ണമായും താഴെ തലങ്ങളിലേക്കു എത്തുന്നത് വരെ അവശ്യവസ്തുക്കളുടെ വിപണനത്തിനു പഴയനോട്ടുകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആദ്യ ജില്ലാ കൗണ്‍സില്‍ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കച്ചവടമേഖലയിലെ പുതിയ പ്രതിസന്ധി കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രിയുമായി ഏകോപനസമിതി കൂടിക്കാഴ്ച്ച നടത്തും. സംഘടന ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31നകം ജില്ലയിലെ യൂനിറ്റ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി ഉണ്ടായ സാഹചര്യത്തില്‍ തൊഴില്‍ നികുതി ഒഴിവാക്കുന്നതിനായി നടപടിസ്വീകരിക്കാനും സര്‍ക്കാറിനോട് ആവശ്യപ്പെടും. മലപ്പുറം മാളിയേക്കല്‍ ഓഡിറ്റോയത്തില്‍ നടത്തിയ കൗണ്‍സില്‍ യോഗത്തില്‍ ഇ.കെ ചെറി (പ്രസി), മുഹമ്മദ്കുട്ടി റാബിയ (ജന.സെക്ര), അക്ബര്‍ഷാ പാണ്ടിക്കാട് (ട്രഷ), മരക്കാര്‍ എടക്കര, എന്‍.ടി മുജീബ്‌റഹ്മാന്‍, പ്രമോദ് തിരൂര്‍, ഖമറുദ്ദീന്‍ വെളിയങ്കോട് (വൈ.പ്രസി) എന്നിവര്‍ ഉള്‍പ്പെടെ 45 അംഗം പ്രവര്‍ത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. ഹസന്‍കോയ, സംസ്ഥാന ഭാരവാഹികളായ ടി.എഫ് സെബാസ്റ്റ്യന്‍ കണ്ണൂര്‍, വി.സുനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് ഇ.കെ ചെറി പങ്കെടുത്തു.
അന്താരാഷ്ട്ര ശിശു ദിനാചരണം
മലപ്പുറം: കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും സാമൂഹിക നീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ശിശുദിനം ആചരിച്ചു. മലപ്പുറം കോട്ടക്കുന്നില്‍ നടന്ന പരിപാടിയില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുക, കുട്ടി കല്ല്യാണം ജില്ലയില്‍ നിന്നും തുടച്ചു നീക്കുക, കുട്ടികളില്‍ ലഹരിയുടെ ഉപയോഗം ഇല്ലാതെയാക്കുക എന്നീ ആശയങ്ങളില്‍ നടത്തിയ ഒപ്പ് ശേഖരണം ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശരീഫ് ഉള്ളത്ത്, മെമ്പര്‍മാരായ എം. മണികണ്ഠന്‍, അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. കെ.വി യാസര്‍, മുഹമ്മദ് സാലിഹ് എ.കെ, മുഹമ്മദ് ഫസല്‍ പി., ഫസല്‍ പുല്ലാട്ട്, റൂബി രാജ്, സന്ധ്യ, ശ്രീകാന്ത്, ജെംഷിമോള്‍ എടവണ്ണ, രഞ്ജിത്ത് അമ്പലപ്പറ്റ, വസന്തകുമാരി എളയൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."