ബണ്ട് റോഡിലെ കലുങ്കില്‍ അപകടം പതിയിരിക്കുന്നു
മാന്നാര്‍: മാന്നാര്‍ ടൗണില്‍ നിന്നും പാടശേഖരങ്ങള്‍ വഴി വള്ളക്കാലിക്കു പോകുന്ന ബണ്ട് റോഡിലെ കലുങ്കിലെ കുഴി യാത്രക്കാര്‍ക്ക് അപകടക്കെണിയായി മാറിയിരിക്കുകയാണ്. ഏതാണ്ട് അരക്കോടിയോളം രൂപാ ചിവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഇവിടെ കലുങ്കിലെ കുഴി അടച്ചില്ല.
അപകട ഭീതിയിലാണു മൂര്‍ത്തിട്ട- മുക്കാത്താരി ബണ്ട് റോഡിലെ യാത്ര. പാടം ആരംഭിക്കുന്നിടത്തു നിന്നും അരകിലോ മീറ്റര്‍ ദൂരത്തിലാണ് ഈ കലുങ്ക്. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ റോഡ് നവീകരിച്ചത്. അടുത്തിടെ ടാറും ചെയ്തു. അന്നു പരിസര വാസികളും ജനപ്രതിനിധികളും യാത്രക്കാരും ഈ കുഴി ചൂണ്ടിക്കാട്ടിയിട്ടും റോഡ് നിര്‍മാതാക്കള്‍ കുഴി സ്ലാബിട്ട് അടച്ച് അപകടക്കെണി ഒഴിവാക്കിയില്ല.
കൈവരിയില്ലാത്ത ഇവിടുത്തെ കലുങ്കിനു കഷ്ടിച്ച് രണ്ടരമീറ്റര്‍ മാത്രമേ വീതിയുളളു. ഇതും അപകടം വിളിച്ചോതുന്നവയാണ്. റോഡിന്റെ ഇരു ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്ന തോടും കുഴിയുമാണ്. മൂര്‍ത്തിട്ട തോട്ടില്‍ നിന്നും പാടത്തേക്കു വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കുന്നതിനായി ചീപ്പിട്ട് അടച്ചിരിക്കുകയാണ്. ഇതുകാരണം തോട്ടിലെ ജലനിരപ്പും കൂടുതലാണ്. ഇവിടെ കുഴിയില്‍ വീണ് അപകടം നിത്യ സംഭവമാണ്. കൈവരിക്കായ് ഇവിടെ കയറോ, മുളയോ കെട്ടി തിരിച്ചാല്‍ തല്ക്കാലം അപകടം ഒഴിവാക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."